സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളെയും സർക്കാരിന്റെ ഏതെങ്കിലും തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ ഈ ലക്ഷ്യവുമായി മുന്നോട്ടു പോകുകയാണെന്നും ട്രേഡ് യൂണിയനുകളുടേതടക്കം സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷേമ ബോർഡുകൾ വഴി തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും ജീവിത നിലവാരവും ഉറപ്പാക്കേണ്ടത് ഉത്തരവാദിത്തമായാണു സർക്കാർ കാണുന്നത്. ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റേതടക്കമുള്ള പ്രവർത്തനങ്ങൾ ഈ നിലയിലേക്ക് ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തൊഴിലാളികളുടെ അംശദായം വർധിപ്പിക്കുന്നതിനൊപ്പം തൊഴിലാളികൾക്കുള്ള ആനൂകൂല്യങ്ങൾ വർധിപ്പിക്കുകയും പദ്ധതികൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യും. സർക്കാരിന്റെ ഏതെങ്കിലും ക്ഷേമ പദ്ധതിയിൽ അംഗമാകാത്ത ഒരു തൊഴിലാളി പോലും സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലെന്നാണു ഗവൺമെന്റിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിഭാഗത്തിൽപ്പെടുന്ന തൊഴിലാളികളേയും ക്ഷേമ പദ്ധതിക്കു കീഴിൽ കൊണ്ടുവരാൻ ഓരോ ക്ഷേമനിധി ബോർഡിന്റെയും ജീവനക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണം. അംഗത്വമുറപ്പാക്കുന്നതിനായി അതത് ജില്ലകളിൽ തൊഴിലാളി സംഘടനകളുടെ സഹായം ഉറപ്പാക്കണം. ജില്ലാതലത്തിൽ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ച് ഇതിനുള്ള നടപടികൽ സ്വീകരിക്കണം. സംസ്ഥാനതലത്തിലും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കണമെന്നും മന്ത്രി ബോർഡിന് നിർദേശം നൽകി.
ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ വിവിധ വികസന പദ്ധതികൾക്ക് ബാങ്കുകളുടേയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടേയും സഹകരണം ഉറപ്പാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. സർക്കാരിന്റെ അംഗീകാരത്തോടെ നിയമവിധേയമായി ഇത്തരം പദ്ധതികളുമായി ബോർഡിനു മുന്നോട്ടുപോകാൻ കഴിയും. ബോർഡിനു കീഴിൽ കുമളിയിലുള്ള തൊഴിലാളി വിശ്രമകേന്ദ്രം ആധുനികവൽക്കരിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ബോർഡിന്റെ വരുമാന വർധന കൂടി ലക്ഷ്യംവച്ചാകണം വികസന പദ്ധതികൾ. അതു വഴി തൊഴിലാളികൾക്കുള്ള ആനുകൂല്യം വർധിപ്പിക്കാനുള്ള നടപടികൽ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ബോർഡിന്റെ ഈ വർഷത്തെ ഡയറി മന്ത്രി പ്രകാശനം ചെയ്തു. ചെയർമാൻ സി.കെ. പരീത്, ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ആർ. പ്രമോദ്, ബോർഡ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.