ഭാര്യയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന കേസിൽ മുൻ പൊലീസുകാരനും വിളപ്പിൽശാല പടവൻകോട് എസ്.എസ്. ഭവനിലെ താമസക്കാരനുമായ കെ. ശശിധരനെ ജീവപര്യന്തം കഠിനതടവിനും അറുപതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിയ്ക്കണം. അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എൽ. ജയവന്ദാണ് പ്രതിയെ ശിക്ഷിച്ചത്. ശശിധരന്റെ സ്വഭാവ ദൂഷ്യത്തെകുറിച്ചും പരസ്ത്രീ ബന്ധത്തെക്കുറിച്ചും ബന്ധുക്കളോടും മക്കളോടും പറയുമെന്ന് ശാരദ പറഞ്ഞിരുന്നു. രഹസ്യബന്ധങ്ങൾ പുറത്താകുമെന്ന് ഭയന്ന ശശിധരൻ ഭാര്യയെ ചുട്ട് കൊല്ലുകയായിരുന്നു. ശാരദയുടെ മക്കൾക്ക് ഇരകൾക്കായുളള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് മൂന്നുലക്ഷം രൂപ നൽകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.എൽ .ഹരീഷ് കുമാർ ഹാജരായി.