കാട്ടാക്കട: വീട്ടിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കാട്ടാക്കട ആമച്ചൽ കുച്ചപ്പുറം നാഞ്ചല്ലൂർ വിഷ്ണു വിലാസത്തിൽ അജയകുമാർ-പ്രസന്നകുമാരി ദമ്പതികളുടെ മകൻ എ.പി.വിഷ്ണു (28)ആണ് മരിച്ചത്. മൂന്ന് ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ 19ന് ചെമ്പൂര് സ്വദേശി മഹാരാഷ്ട്രയിൽ വച്ച് മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം കൊണ്ടുവരാൻ ആംബുലൻസുമായി വിഷ്ണു അവിടെ പോയിരുന്നു. 22ന് തിരിച്ചെത്തി. വീണ്ടും 23ന് ആംബുലൻസുമായി ബംഗളൂരുവിൽ പോയി 24ന് തിരിച്ചെത്തി. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇയാളെ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെ അസ്വസ്ഥത പ്രകടിച്ച യുവാവ് ആമച്ചൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. തിരിച്ചെത്തി ഉച്ചയ്ക്ക് 1.50തോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എ.പി.അരവിന്ദ് സഹോദരനാണ്