തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ദൈർഘ്യമേറിയ രണ്ടാമത്തെ ഭൂഗർഭ റെയിൽപാത ബാലരാമപുരം മുതൽ വിഴിഞ്ഞം വരെ നിർമ്മിക്കും. ഇതു സംബന്ധിച്ച പദ്ധതിരേഖയ്ക്ക് അനുമതി നൽകാൻ റെയിൽവേ തീരുമാനിച്ചു. ആകെയുള്ള പത്ത് കിലോമീറ്റർ ലൈനിൽ 9.02 കിലോമീറ്റർ ദൂരവും ഭൂമിക്കടയിലൂടെയാണ്. ജമ്മു കാശ്മീരിലെ പീർപഞ്ചൽ റെയിൽവെ ലൈനാണ് (11.21 കിലോമീറ്റർ) നിലവിൽ ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ റെയിൽവെ ലൈൻ.
1032 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല വിഴിഞ്ഞം ഇന്റർനാഷൽ സീ പോർട്ട് കമ്പനി കൊങ്കൺ റെയിൽവേ കോർപറേഷനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം. ആദ്യഘട്ടത്തിൽ പൂർണമായും വിഴിഞ്ഞം തുറമുഖത്തിനു വേണ്ടിയാണ് ഈ പാത ഉപയോഗിക്കുക. പാതയുടെ തുറമുഖ പ്രദേശത്തെ നിർമ്മാണ ചെലവ് തുറമുഖം നിർമ്മിക്കുന്ന അദാനി ഗ്രൂപ്പ് വഹിക്കും.
വിഴിഞ്ഞം പദ്ധതി ആസൂത്രണം ചെയ്തപ്പോൾ വിഴിഞ്ഞം- ബാലരാപുരം റോഡിന് സമാന്തരമായി റെയിൽവേ പാത നിർമ്മിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും കണ്ടെയ്‌നറുകളുമായി കയറ്റം കയറി പോകാൻ കഴിയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഭൂഗർഭ പാതയെന്ന ചിന്തയിലെത്തിയത്.
പുതിയ സാങ്കേതിക വിദ്യ, സ്ഥലമേറ്റെടുപ്പ് കുറവ്
എൻ.എ.ടി.എം എന്ന പുതിയ ആസ്ട്രിയൻ സാങ്കേതിക വിദ്യ പ്രകാരമാകും പാതയ്ക്കായി തുരങ്കം നിർമ്മിക്കുക. ഭൂമി ഇടിച്ചു മാറ്രാതെ തന്നെ മണ്ണ് നീക്കി തുരങ്കം നിർമ്മിക്കാൻ കഴിയും. മുകളിലുള്ള നിർമ്മാണങ്ങളെ ഒരു വിധത്തിലും ബാധിക്കാത്ത വിധത്തിലായിരിക്കും നിർമ്മാണം. ബാലരാമപുരത്ത് മാത്രം ഏതാനും മീറ്റർ സ്ഥലം ഏറ്റെടുക്കേണ്ടി വരും.
ഭൂഗർഭ പാതകളുടെ കൗതുകം
ഇന്ത്യയിൽ ആദ്യത്തേത് – ദാരക്- മാരംഹിരി പാത (മദ്ധ്യപ്രദേശ്, 1900 ത്തിൽ നിർമ്മാണം) 1.15 കിലോമീറ്റർ
ഏറ്റവും കൂടുതൽ ഭുഗർഭപാതയുള്ളത്- മഹാരാഷ്ട്രയിൽ 8
കൊൽക്കത്തയിൽ ഹുബ്ലീ നദിക്കടിയിലൂടെ റെയിൽ പാത നിർമ്മാണം പുരോഗമിക്കുന്നു
ഭൂഗർഭ റെയിവേ സ്റ്റേഷൻ കീലോ (ഹിമാചൽ പ്രദേശ്)
ഡൽഹി, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ മെട്രോ ലൈനുകൾക്കും ഭൂഗർഭപാതകൾ