തിരുവനന്തപുരം: കൊറോണ രോഗികളെ പരിചരിക്കുന്നവര്‍ക്ക് വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ ഒരു പങ്ക് മാറ്റിവച്ചുകൊണ്ട് എന്‍ ജി ഒ യൂണിയന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മാതൃകാപ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലും ഒപിയിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാവിഭാഗം ജീവനക്കാര്‍ക്കും ഇവര്‍ മൂന്നുനേരവും ഭക്ഷണം നല്‍കിവരുന്നു. എന്‍ ജി ഒ യൂണിയന്‍ അംഗങ്ങള്‍ അവരവരുടെ വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണത്തില്‍ ഒരു പങ്ക് കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായി മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരുടെ ബുദ്ധിമുട്ട് മനസിലാക്കി യൂണിയന്‍ പ്രവര്‍ത്തകര്‍ ഡ്യൂട്ടിക്കെത്തുമ്പോള്‍ കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്കുകൂടി ഒരു ഭക്ഷണപ്പൊതിയുമായാണ് എത്തുന്നത്. കൊറോണ വാര്‍ഡില്‍ മൂന്നു ഷിഫ്ടുകളിലായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നു. കൊറോണ വാര്‍ഡില്‍ ചികിത്സയിലുള്ളവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഭക്ഷണം കൂടി കരുതാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയാണ് ഭക്ഷണപ്പൊതി നല്‍കാന്‍ തീരുമാനിച്ചത്. കൊറോണ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കാനായി ആദ്യദിനം ജീവനക്കാര്‍ കൊണ്ടുവന്ന ഭക്ഷണപ്പൊതികള്‍ എന്‍ ജി ഒ യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാപ്രസിഡന്‍റ് കെ എ ബിജുരാജിന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി കൊറോണ ഒപിയിലും വാര്‍ഡിലും വിതരണം ചെയ്തു.
കൊറോണ വ്യാപനം തടയാനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിന്‍റെ ഭാഗമായി എന്‍ ജി ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയാകമ്മറ്റി ഡി എം ഇ ഓഫീസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ്, മെഡിക്കല്‍ കോളേജ് ആശുപത്രി, എസ് എ ടി ആശുപത്രി എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ കിയോസ്കുകളും സ്ഥാപിച്ചു.