രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇനിയൊരു ഉത്തരവുണ്ടാകുംവരെ ഡൽഹി പട്യാല കോടതി മരവിപ്പിച്ചു. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് അഡിഷണൽ സെഷൻസ് ജഡ്ജ് ധർമേന്ദ്ര റാണയുടെ ഉത്തരവ്. നാല് പ്രതികളുടെയും വധശിക്ഷ ഇന്ന് നടപ്പിലാക്കാനിരിക്കെയാണ് അതു തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവുണ്ടായത്.
വധശിക്ഷ നീണ്ടുപോകാൻ സാദ്ധ്യതയുള്ളതിനാൽ നിലവിൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിട്ടുള്ള വിനയ് ശർമ ഒഴികെ മൂന്ന് പ്രതികളെ ഇന്ന് തൂക്കിലേറ്റണമെന്ന് പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ് വാദിച്ചെങ്കിലും ഒരേ സമയത്ത് ചെയ്ത സമാന സ്വഭാവമുള്ള തെറ്റിന് ഒരുമിച്ച് ശിക്ഷ നൽകിയാൽ മതിയെന്ന സുപ്രീംകോടതി വിധി പട്യാല കോടതി കണക്കിലെടുത്തു.
നാല് പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് ഒഴികെ മറ്റു മൂന്ന് പേർക്കും ഇനിയും രക്ഷപ്പെടാനുള്ള നിയമ വഴികളുണ്ടെന്നതായിരുന്നു പ്രതികളുടെ അഭിഭാഷകന്റെ പ്രധാന വാദം. വിനയ് ശർമ ദയാഹർജി നൽകിയിരിക്കയാൽ അതിൽ തീരുമാനമുണ്ടായി 14 ദിവസത്തിനുശേഷം മാത്രമേ വധശിക്ഷ നടപ്പിലാക്കാൻ പാടുള്ളൂവെന്നതാണ് ചട്ടം. ഇത് കണക്കിലെടുത്ത് മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ, പ്രതികൾ നിയമത്തെ പരിഹസിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂട്ടർ ആരോപിച്ചു.വധശിക്ഷ ഇന്ന് നടപ്പിലാക്കാനുള്ള ഒുക്കങ്ങൾ തിഹാർ ജയിലിൽ പൂർത്തിയായിരുന്നു. ആരാച്ചാർ രണ്ടു ദിവസം മുൻപേ എത്തുകയും ഡമ്മി പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു.