കൊച്ചി: ലോകം മുഴുവൻ കൊറോണ ഭീതിയിലിരിക്കെ കൊച്ചിയിലെത്തിയ ചൈനീസ് യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ. കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന 28 കാരിയോട് മുൻകരുതൽ നടപടി എന്ന നിലയിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പൊലീസും നിർദേശം നൽകി.
കഴിഞ്ഞമാസം 27ാം തീയതിയാണ് ചൈനയിലെ ഗ്വാങ്ഡോങിൽ നിന്ന് യുവതി ഇന്ത്യയിലെത്തിയത്. വാരണാസി സന്ദർശിച്ച ശേഷമാണ് കേരളത്തിലെത്തിയത്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 28 കാരി ബംഗളൂരു വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും എറണാകുളം ഡി.എം.ഒ അറിയിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിൽ രണ്ടാമതും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലുണ്ടായിരുന്ന, ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിയിലാണ് രോഗ ബാധ കണ്ടെത്തിയത്. ചൈനയിലെ വുഹാൻ സർവകലാശാലയിൽ വിദ്യാർത്ഥിനിയായ തൃശൂർ സ്വദേശിനിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ രോഗം വ്യാഴാഴ്ച സ്ഥിരീകരിച്ചത്.
ആലപ്പുഴ ജില്ലയിൽ വൈറസ്ബാധ കണ്ടെത്തിയ സാഹചര്യത്തിൽ, ജില്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിയോട് ചേർന്നുള്ള നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തസാമ്പിൽ പരിശോധനയ്ക്ക് കേന്ദ്രം അനുമതി നൽകി. ഇന്ന് പരിശോധന ആരംഭിക്കും.നിലവിൽ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുന്നത്. ഇതിന്റെ ഫലമെത്താൻ മൂന്നോ നാലോ ദിവസമെടുക്കാറുണ്ട്. എന്നാൽ ഇവിടെ പരിശോധന തുടങ്ങുന്നതോടെ ഒറ്റ ദിവസം കൊണ്ട് ഫലം ലഭ്യമാവും.