കൊറോണ വൈറസ് വ്യാപനംമൂലം സമ്പദ്‌വ്യവസ്ഥ നിശ്‌ചലമായ ചൈനയിൽ ഡിമാൻഡ് കുത്തനെ ഇടിഞ്ഞത് രാജ്യാന്തര ക്രൂഡോയിൽ വിലയെ താഴേക്ക് നയിക്കുന്നു. യു.എസ് ക്രൂഡ് വില ഇന്നലെ ബാരലിന് 1.07 ശതമാനം ഇടിഞ്ഞ് 50.88 ഡോളറിലെത്തി. തിങ്കളാഴ്‌ച മാത്രം വിലയിൽ നാലു ശതമാനം ഇടിവുണ്ടായിരുന്നു.ബ്രെന്റ് ക്രൂഡ് വില ഒരു ശതമാനം താഴ്‌ന്ന് 55.21 ഡോളറായി. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ബ്രെന്റ് വില ബാരലിന് 70 ഡോളർ കടന്നിരുന്നു. ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളിൽ ഒന്നായ ചൈനയിലേക്കുള്ള വിതരണം കുറഞ്ഞതാണ് എണ്ണ വിലയ്ക്ക് തിരിച്ചടിയാകുന്നത്. അതേസമയം, രാജ്യാന്തര ക്രൂഡ് വില കുറഞ്ഞതും രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ടതു വഴി ഇറക്കുമതി ചെലവ് താഴ്‌ന്നതും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില അഞ്ചുമാസത്തെ താഴ്‌ചയിൽ എത്താൻ സഹായകമായി.കേരളത്തിൽ (തിരുവനന്തപുരം) പെട്രോൾ വില ലിറ്രറിന് 75.45 രൂപയാണ്. ഡീസലിന് 69.71 രൂപ. കഴിഞ്ഞ രണ്ടു ദിവസമായി വിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ പെട്രോൾ വിലയിൽ കൂടിയത് ഏഴു പൈസ മാത്രമാണ്. ഡീസലിന് 17 പൈസ കുറയുകയും ചെയ്‌തു.