ഒരിക്കലും സ്വന്തമായി ഒരു വീടുണ്ടാവുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിട്ടില്ലാത്തവർ, അടച്ചുറപ്പില്ലാത്ത വീട്ടിൽ മക്കൾക്കൊപ്പം ഉറക്കം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നവർ, എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴുമായിരുന്ന കൂരകളിൽ ജീവഭയത്തോടെ ഉറങ്ങിയിരുന്നവർ…. അങ്ങനെയുള്ളവരുടെ ജീവിതത്തിലേക്കാണ് സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിലൂടെ സംസ്ഥാന സർക്കാർ സന്തോഷത്തിന്റെ വെളിച്ചം പകർന്നത്. ഇന്ന് രണ്ടു ലക്ഷം കുടുംബങ്ങൾ സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ നൽകിയ വീടുകളിൽ സുരക്ഷിതമായി കഴിയുന്നു. ഇതിന്റെ നേർച്ചിത്രമാണ് പുത്തരിക്കണ്ടം മൈതാനത്ത് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ ലൈഫ് ഫോട്ടോപ്രദർശനം.
കേരളത്തിലെ രണ്ടു ലക്ഷം കുടുംബങ്ങളുടെ വ്യത്യസ്തമായ കഥയാണ് ലൈഫ് പദ്ധതിക്ക് പറയാനുള്ളത്. പ്രദർശനത്തിലൊരുക്കിയിട്ടുള്ള എൺപതിലധികം ചിത്രങ്ങളിലൂടെ ലൈഫ് പദ്ധതിയുടെ കഥ പറയുകയാണ് സംസ്ഥാന സർക്കാർ. അടുത്ത വർഷത്തോടെ ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന വീടുകളുടെ എണ്ണം സർവകാല റെക്കോഡ് ആകുമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. വീടുകളുടെ ഗുണനിലവാരത്തിൽ സർക്കാർ വിട്ടുവീഴ്ച നടത്തിയിട്ടില്ല. ലൈഫ് എന്നത് വെറുമൊരു പാർപ്പിട പദ്ധതിയല്ല. പാവപ്പെട്ടവരുടെ മൗലികാവകാശം സംരക്ഷിക്കുന്ന പദ്ധതിയാണ്.
മൂന്നാം ഘട്ടത്തിൽ ഫ്‌ളാറ്റുകൾ നിർമിക്കുമ്പോൾ ജീവനോപാധിക്കും മുൻതൂക്കം നൽകും. ഫ്‌ളാറ്റുകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കുട്ടികളുടെ ക്രഷ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. മുടങ്ങിക്കിടന്ന വീടുകൾക്ക് സർക്കാർ അധിക പണം നൽകി പൂർത്തീകരിച്ചു.