ആറ്റുകാലിൽ പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ. 2.18ഓടെയാണ് ആറ്റുകാലമ്മയ്ക്ക് നിവേദ്യം അർപ്പിച്ചത്. നിവേദ്യത്തില്‍ പുണ്യജലം തളിച്ചതോടെ പൊങ്കാല അര്‍പ്പിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി. ഭക്തര്‍ ഇപ്പോള്‍ തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങുന്ന തിരക്കിലാണ്. രാവിലെ 10.30നാണ് പൊങ്കാല അടുപ്പിൽ തീ പകർന്നത്. ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പിൽ ജ്വലിപ്പിക്കുന്ന അഗ്നി നിമിഷങ്ങൾക്കകംതന്നെ നാടാകെ ഒരുക്കിയിരിക്കുന്ന അടുപ്പുകളിലേക്ക് പകർന്നു.
ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കും കൈമാറി. ചെറിയതിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിച്ചത് സഹമേൽശാന്തിയാണ്.
വൈകിട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി 7.30ന് കുത്തിയോട്ട വ്രതകാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. രാത്രി പത്തരയ്ക്ക് മണക്കാട് ദേവീ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത്. നാളെ രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.20 ന് കാപ്പഴിച്ച ശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് ഭക്തി നിർഭരമായ സമാപനമാകും.