ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെളിയും വെള്ളവും ആന്തരാവയവങ്ങളിൽ കണ്ടെത്തി. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്നാണ് നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ കണ്ടെത്തിയിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടിൽ ധന്യയും മകളും ആറുമാസമായ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധന്യയുടെ മാതാപിതാക്കൾ ഈ സമയം പുറത്തേക്കു പോയിരുന്നു. മകൾ ഒറ്റയ്ക്ക് മുറ്റത്തു കളിച്ചുകൊണ്ടിരിക്കേ ധന്യ വസ്ത്രങ്ങൾ അലക്കാൻ പോയി.
കുറച്ചുനേരം കഴിഞ്ഞ് മകളുടെ ഒച്ചയും അനക്കവും കേൾക്കാത്തതിനെ തുടർന്ന് വന്നുനോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. ധന്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും മറ്റും പരിസരത്തും നൂറു മീറ്റർ അകലെയുള്ള പള്ളിക്കലാറിന്റെ തീരത്തും തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. സമീപത്തെ പുഴയിൽ ഫയർഫോഴ്സെത്തിയും തെരച്ചിൽ നടത്തിയിരുന്നു