മാലിന്യം കൊണ്ടും സ്ഥല പരിമിതി കൊണ്ടും വീർപ്പ് മുട്ടുകയാണ് പഴയകുന്നുമ്മൽ പബ്ലിക്ക് മാർക്കറ്റ്. പഴയകുന്നുമ്മൽ പഞ്ചായത്തിലെ കിളിമാനൂർ പുതിയ കാവിൽ സ്ഥിതി ചെയ്യുന്ന മാർക്കറ്റിലേക്ക് എത്തണമെങ്കിൽ മൂക്ക് പൊത്തണം. മാർക്കറ്റിലെ മാത്രമല്ല പ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഈ മാർക്കറ്റിലാണ്. വർഷങ്ങൾക്ക് മുൻപ് മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടി മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചെങ്കിലും ഇതിപ്പോൾ പ്രവർത്തന രഹിതമാണ്.
ഇത് സ്ഥാപിക്കുമ്പോൾ മാലിന്യത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാമെന്നും അതുവഴി മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കും എന്നൊക്കെയായിരുന്നു വാഗ്ദാനം. മാലിന്യ സംസ്കരണ യൂണിറ്റിന് സമീപത്തെ കുഴിയിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളിൽ നിന്നും ഉയരുന്ന ദുർഗന്ധവും, ഇതിലെ മാലിന്യങ്ങൾ പക്ഷികളും തെരുവ് നായ്ക്കളും സമീപ വീടുകളിൽ കൊണ്ടിടുന്നതും കാരണം പൊറുതി മുട്ടിയിരിക്കുകയാണ് സമീപവാസികൾ. മാർക്കറ്റിലെ മാലിന്യം നിക്ഷേപിക്കുന്ന കുഴിക്ക് സമീപമാണ് എക്സൈസ് ഓഫീസ്, ഗവ. ആയൂർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, അങ്കണവാടി എന്നിവ സ്ഥിതി ചെയ്യുന്നത്. മാലിന്യങ്ങളിൽ നിന്നുയരുന്ന ദുർഗന്ധവും, മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും കാരണം അങ്കണവാടിയിലെ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ പകർച്ചവ്യാധി ഭീഷണിയിലാണ്