ആവശ്യപ്പെടുന്ന എല്ലാവർക്കും അംഗത്വം നൽകുന്ന രീതി കോൺഗ്രസ് അവസാനിപ്പിച്ചു. പാർട്ടിയിൽ അംഗത്വം ഇനി ശക്തി ടു പോയിന്റ് (2.0)സീറോ വഴി മാത്രമാകും നൽകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ആപ്പ് ആണ് ശക്തി ടു പോയിന്റ് സീറോ. ട്വന്റിഫോർ എക്‌സ്‌ക്ലുസീവ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പ് എഐസിസി ടെക്‌നോളജി ആൻഡ് ഡറ്റാ സെല്ലിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചത്. തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും ഓരോ ജില്ലകളിൽ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു. ഫലം തൃപ്തികരമായ സാഹചര്യത്തിലാണ് അംഗത്വ നടപടികൾ ഇനിമേൽ ആപ്പ് വഴി ആക്കാനുള്ള തീരുമാനം. ഈ മാസം മുതൽ ഗുജറാത്തിലെ അംഗത്വ നടപടികൾ ശക്തി 2.0 വഴിയാകും നടപ്പിലാക്കുക. അപേക്ഷിക്കുന്ന ആർക്കും അംഗത്വം നൽകുന്ന വിധത്തിലല്ല ആപ്പ് പ്രവർത്തിക്കുക. പാർട്ടി അംഗത്വത്തിന് അപേക്ഷ നൽകുന്ന വ്യക്തി നൽകുന്ന വിവരങ്ങളും വസ്തുതകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാകും പാർട്ടി അംഗത്വം നൽകുക. എഐസിസി ടെക്‌നോളജി ആൻഡ് ഡറ്റാ സെല്ലിന്റെ അധ്യക്ഷൻ പ്രവീൺ ചക്രബർത്തിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്ക് ഒടുവിലാണ് ആപ്പ് തയാറായിരിക്കുന്നത്. ഗുജറാത്തിന് ശേഷം കേരളം അടക്കമുള്ള 6 സംസ്ഥാനങ്ങളിലെ അംഗത്വം ആപ്പ് വഴി പുനഃക്രമീകരിക്കാനാണ് തീരുമാനം.