2021 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ടം മേയ് ഒന്നു മുതൽ 30 വരെ നടക്കുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. വീടുകളുടെ പട്ടിക തയ്യാറാക്കലാണ് ആദ്യ ഘട്ടത്തിൽ നടക്കുക. സെൻസസിൽ ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഒരു പ്രദേശത്തെ കെട്ടിടങ്ങളുടെ എണ്ണം, അവിടത്തെ താമസക്കാർ, അടിസ്ഥാന ജീവിത സൗകര്യം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. എന്യൂമറേറ്റർമാർ ശേഖരിക്കുന്ന വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി അപ്ഡേറ്റ് ചെയ്യും. 8000 ലധികം എന്യൂമറേറ്റർമാരെ ജില്ലയിൽ സെൻസസിന് നിയോഗിക്കും. ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥർക്ക് കളക്ടറേറ്റിൽ പരിശീലനം നൽകി. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, എ.ഡി.എം വി.ആർ. വിനോദ്, സെൻസസ് ഓപ്പറേഷൻസ് ജോയിന്റ് ഡയറക്ടർ ജോസ് ടി. വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ ഡി. ലക്ഷ്മിക്കുട്ടി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.