തിരുവനന്തപുരം: ചുമ, പനി, ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉത്സവങ്ങളും ആഘോഷങ്ങളും പോലുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നും സ്വയം ഒഴിഞ്ഞ് നില്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അവരുടെ സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും അതാണ് നല്ലത്. അല്ലാതെ ഉത്സവങ്ങളോ ആഘോഷങ്ങളോ വിലക്കേണ്ട യാതൊരു സാഹചര്യവും കേരളത്തിലില്ല. നിലവില്‍ കേരളത്തിലുള്ള ആരുടേയും പരിശോധനാ ഫലം പോസിറ്റീവല്ല. എങ്കിലും കൂടുതല്‍ ലോക രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വണ്‍ ഡേ ഹോം ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആറ്റുകാലില്‍ വിപുലമായ ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയിരിക്കുന്നത്. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ, സിദ്ധ-യുനാനി സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നുണ്ട്. കനിവ് 108ന്റെ 12 ബേസിക് സപ്പോര്‍ട്ട് ആംബുലന്‍സുകളും 5 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സും തയ്യാറാക്കിയുട്ടുണ്ട്. ഹാം റേഡിയോ സന്ദേശത്തോടെയായിരിക്കും അത്യാഹിത സന്ദേശങ്ങള്‍ കൈമാറുന്നത്.
ഉത്സവാഘോഷങ്ങള്‍ നടത്തുന്ന സംഘാടകര്‍ തന്നെ ബോധവത്ക്കരണം നടത്തേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടില്ല. എല്ലാവരും കൂടി ശ്രദ്ധിച്ചാല്‍ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാം. റെയില്‍വേ സ്റ്റേഷനിലുള്ളവരെ എല്ലാവരേയും പരിശോധിക്കാന്‍ കഴിയില്ല. അതിനാല്‍ ശക്തമായ ബോധവത്ക്കരണമാണ് നടത്തുന്നത്.
കോഴിക്കോട് താറാവുകള്‍ പക്ഷിപ്പനി മൂലം ചാകുന്നെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട യാതൊരു കാര്യമില്ല. എല്ലാ ചൂടുകാലത്തും ഇതുപോലെ കോഴികളും താറാവുകളും ചാകാറുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പും ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.2020 ചംക്രമണ വര്‍ഷത്തില്‍ പകര്‍ച്ചവ്യാധി വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.