നാടകാചാര്യൻ പരമേശ്വരൻ കുര്യാത്തിയെ ആദരിച്ച് കേരള ഇരയിമ്മൻ തമ്പി നാടകപാഠശാല. അഭിനയ ജീവിതത്തിൽ 60 വർഷം പൂർത്തീകരിച്ചത് പ്രമാണിച്ചാണ് കുര്യാത്തിക്ക് ആദരം സമർപ്പിച്ചതെന്ന് ഇരയിമ്മൻ തമ്പി നാടകപാഠശാലയുടെ പ്രവർത്തകർ വ്യക്തമാക്കി. 1949 ജൂൺ 24ന് തിരുവനന്തപുരം ആറ്റുകാലിനടുത്ത് കുര്യാത്തിയിലാണ് പരമേശ്വരൻ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ തികഞ്ഞ നാടകകുതുകിയായിരുന്ന അദ്ദേഹം എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകം എഴുതുന്നത്.
നാടകത്തോടുള്ള അടങ്ങാത്ത ആവേശം ജി.ശങ്കരപിള്ളയുടെ അടുത്തെത്തിച്ചു. വർഷങ്ങൾക്ക് ശേഷം പി.ജെ ആന്റണിയുടെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ടാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് വരുന്നത്. പിൽക്കാലത്ത് 80 അമച്വർ നാടകങ്ങളും 60 പ്രൊഫഷണൽ നാടകങ്ങളുമുൾപ്പടെ 140 ഓളം നാടകങ്ങൾ എഴുതി. 60 വർഷത്തെ നാടകസപര്യയിൽ പതിനയ്യായിരത്തിൽ അധികം വേദികളിൽ നാടകമവതരിപ്പിച്ചു. വ്യാസ തീയേറ്റർ എന്ന സ്വന്തം ട്രൂപ്പുണ്ടാക്കി നിരവധി യുവകലാകാരന്മാരെ നാടക മേഖലയിലേക്ക് കൈപിടിച്ചുയർത്തി. ഈ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി ഭരതം നാട്യവേദി എന്ന മറ്റൊരു പ്രസ്ഥാനവും അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്