വെഞ്ഞാറമൂട് : എൽ .ഐ .സി ഏജന്റുമാരായ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ലെന്ന് പരാതി. വെഞ്ഞാറമൂട് കോലിയക്കോട് മണിദീപത്തിൽ രാജേഷ് (43), ആശ (42) എന്നിവരെയാണ് ഒരു മാസമായി കാണാതായത്. ഇത് സംബന്ധിച്ചു പൊലീസിന് ആശയുടെ പിതാവ് പരാതി നൽകി. കഴിഞ്ഞമാസം പത്താം തീയതി മുതലാണ് കാണാതായത്. സാധാരണ ഇടയ്ക്കിടയ്ക്ക് ദൂരെ നാടുകളിൽ ക്ഷേത്ര ദർശനത്തിനു പോകുമായിരുന്നു. അങ്ങനെ പോയിക്കഴിഞ്ഞാൽ ഒരാഴ്ച കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. സംഭവ ദിവസം കുട്ടിയെ സ്കൂളിൽ വിട്ട ശേഷം രണ്ടു പേരും വീടും, ഗേറ്റും പൂട്ടി പോകുകയായിരുന്നു. കുളത്തൂരിലുള്ള ആശയുടെ പിതാവിനെ ഫോണിൽ വിളിച്ചു മകനെ സ്കൂളിൽ നിന്നുവിളിച്ച് കൂടെ നിർത്തണം എന്ന് പറഞ്ഞിട്ടാണത്രെ പോയത്. ഇവരുടെ മൊബൈൽ ഫോൺ തമ്പാനൂരിൽ വച്ചു സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരുവനന്തപുരം റെയിൽവേ പാർക്കിങ് ഏരിയയിൽ ഇവർ കാർ പാർക്ക് ചെയ്ത ശേഷം താക്കോൽ അവിടെ സെക്യൂരിറ്റിയെ ഏൽപ്പിച്ച ശേഷമാണു പോയത്. ഈ ഭാഗത്തെ സുരക്ഷ ക്യാമറകൾ പരിശോധിച്ചപ്പോൾ ദമ്പതികൾ തമ്പാനൂരിൽ നിന്ന് കന്യാകുമാരി ഭാഗത്തേക്കുള്ള തമിഴ്‍നാട് ബസിൽ പോകുന്നതായി കണ്ടെത്തി. കന്യാകുമാരി, തൃച്ചെന്തൂർ, തുടങ്ങി ഇവർ സാധാരണ പോകാറുള്ള ക്ഷേത്രങ്ങളിലും പോലീസ് അന്വേഷണം നടത്തി.