അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം: കിഫ്ബി അംഗീകാരം

0
176

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് കിഫ്ബി അംഗീകാരം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 69.05 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഹോസ്പിറ്റല്‍ ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡീ സെന്റര്‍, കോമണ്‍ ഫെസിലിറ്റീസ് എന്നിവയാണ് ഒന്നാംഘട്ട നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നത്. എത്രയും വേഗം ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കി സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിന് നേരത്തെ മന്ത്രിസഭാ യോഗം അനുമതിയും നല്‍കിയിരുന്നു. അതിനാണ് കിഫ്ബി അനുമതി നല്‍കിയത്.

ആയുര്‍വേദത്തെ തെളിവധിഷ്ഠിതമായും ശാസ്ത്രീയമായും വികസിപ്പിക്കുന്നതിനും മരുന്നുകള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യുന്നതിനും ആധുനിക ബയോ ടെക്‌നോളജിയുമായി ആയുര്‍വേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കും മറ്റും വേണ്ടിയാണ് സംസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. 2016ലെ സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുളള നടപടി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഈ കേന്ദ്രം നടപ്പിലാക്കുന്നതിനായി നാഷണല്‍ ആയുഷ് മിഷനെ നിര്‍വഹണ ഏജന്‍സിയായി നിശ്ചയിക്കുകയും ചെയ്തു. ഇരിട്ടി താലൂക്കിലെ കല്ല്യാട് വില്ലേജില്‍ 300 ഏക്കറില്‍ 300 കോടി രൂപ ചെലവഴിച്ചാണ് ഈ ഗവേഷണ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. കല്ല്യാട് വില്ലേജില്‍ പൊതു ആവശ്യത്തിലേക്കായി നീക്കി വച്ചിരുന്ന 36.57 ഏക്കര്‍ ഭൂമി അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരുന്നതായും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.