ഇറ്റലിയിൽ നിന്നെത്തിയ ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഒഡിഷ സർക്കാർ. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സർക്കാർ രംഗത്തെത്തി. വിദേശത്തു നിന്നെത്തി വീട്ടിൽ 14 ദിവസം ഐസൊലേഷനിൽ കഴിയുന്നവർക്ക് 15000 രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് പദ്ധതി ആരംഭിക്കുക.
വിദേശത്തു നിന്നെത്തുന്നവർ 14 ദിവസം വീട്ടിൽതന്നെ കഴിയണം. അവർക്ക് സർക്കാർ 15000 രൂപ വച്ച് നല്‍കും. വീട്ടിൽ തന്നെ ഉണ്ടോ എന്ന് ഉറപ്പാക്കാൻ ഓരോരുത്തരും മുൻകൂട്ടി നൽകുന്ന നമ്പറിൽ നിന്ന് ഫോൺ വിളിച്ച് ഉറപ്പാക്കണം. ആരോഗ്യപ്രവർത്തകരുടെ പരിശോധനകൾക്കും നിർദ്ദേശങ്ങൾക്കും വിധേയമാവുകയും വേണമെന്ന് സർക്കാർ അറിയിച്ചു.
പദ്ധതി ഏപ്രിൽ15 വരെ നിലവിലുണ്ടാവും. ഐസൊലേഷനിൽ ഇരിക്കുന്നവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും രജിസ്‌ട്രേഷൻ നടത്താം. നാട്ടിലെത്തുന്നതിനു മുമ്പ് രജിസ്റ്റർ ചെയ്യുന്നതാണ് ഉത്തമമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ട് ചെയ്യാത്തത് കുറ്റകരമായി കണക്കാക്കുമെന്നും അറിയിപ്പിൽ പറയുന്നു… ആവശ്യമെങ്കിൽ ഈ പദ്ധതി ഏപ്രിൽ 15 നു ശേഷവും തുടരും. മാർച്ച് 4നോ അതിനു ശേഷമോ എത്തിയവർ മാർച്ച് 19നുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്