ചിറയിൻകീഴ്: അമിതവേഗത്തിലെത്തിയ ആട്ടോ ബൈക്കിലിടിച്ച് രണ്ട് വയസ്സുള്ള കുഞ്ഞ് മരിച്ചു. പെരുങ്ങുഴി ചിലമ്പിൽ ജംഗ്ഷനു സമീപം പറകോണം ചരുവിള വീട്ടിൽ മനു-അനു ദമ്പതികളുടെ മകൻ ആദിയാണ് (2) മരിച്ചത്.ഞായറാഴ്ച രാത്രി 7.30ന് പെരുങ്ങുഴി പള്ളിയിറക്കത്തിന് സമീപമായിരുന്നു അപകടം. പെരുങ്ങുഴി ജംഗ്ഷനിലെ ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു മനുവും ഭാര്യയും കുഞ്ഞും. ബൈക്കിന്റെ മുന്നിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. പള്ളിയിറക്കത്തിന് സമീപംവച്ച് എതിർ ദിശയിൽ നിന്നു വന്ന ആട്ടോ അതേ സ്പീഡിൽ വലത്തോട്ടു വെട്ടിത്തിരിഞ്ഞ് ഇടറോഡിൽ പ്രവേശിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ദൂരേയ്ക്ക് തെറിച്ചുവീണ കുഞ്ഞ് തൽക്ഷണം മരിച്ചു. റോഡിൽ വീണെങ്കിലും മനുവും ഭാര്യയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു. ഒളിവിൽ പോയ ആട്ടോ ഡ്രൈവർ പെരുങ്ങുഴി മുത്താരമ്മൻ ക്ഷേത്രത്തിനുസമീപം ധർമ്മത്തിൽ വീട്ടിൽ അനുരാജിനെ (35) ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു. മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുത്തു.കോടതി പ്രതിയെ റിമാൻഡ് ചെയ്തു.