മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ നിന്നും ലഭിച്ച ആകെ വരുമാനം 263.46 കോടി രൂപ. ഇതിൽ നാണയങ്ങൾ എണ്ണി തീർന്നിട്ടില്ല. ഫെബ്രുവരി അഞ്ചിന് നാണയം എണ്ണുന്നത് പുനരാരംഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 95.35 കോടി രൂപ കൂടുതലുണ്ട്. കഴിഞ്ഞ വർഷം ആകെ വരുമാനം 168.11 കോടി രൂപയായിരുന്നു. എന്നാൽ 2017-18 വർഷത്തെ ആകെ വരുമാനം 263.77 കോടിയായിരുന്നു.ഇത്തവണ മണ്ഡല-മകരവിളക്ക് കാലത്ത് ലഭിച്ച നാണയത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ എണ്ണി തീർന്നിരിക്കുന്നത്. ദേവസ്വം ഭണ്ഡാരത്തിന്റെ മൂന്ന് ഭാഗത്താണ് ഇത് കൂട്ടിയിട്ടിരിക്കുന്നത്. മകരവിളക്ക് കാലത്ത് പ്രതിദിനം 23 ലക്ഷം രൂപയുടെ നാണയം എണ്ണി ധനലക്ഷ്മി ബാങ്കിന് കൈമാറിയിരുന്നു. ശേഷിക്കുന്നതാണ് എണ്ണിത്തിട്ടപ്പെടാത്തത്.കുറഞ്ഞത് എട്ട് കോടി രൂപയുടെ നാണയം എണ്ണാൻ ശേഷിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. ഫെബ്രുവരിയിൽ കുംഭമാസ പൂജ ആരംഭിക്കുന്നതിനു മുമ്പ് നാണയം എണ്ണിത്തീർക്കുമെന്നാണ് കരുതുന്നത്. മാസ പൂജയ്ക്കു മുമ്പ് നാണയം എണ്ണാൻ തുടങ്ങണമെങ്കിൽ പോലീസ്, ആശുപത്രി, ദേവസ്വം, കെഎസ്ആർടിസി എന്നിവയുടെ സഹകരണം ആവശ്യമാണെന്നും വാസു പറഞ്ഞു.