കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന (നടക്കാൻ കഴിയുന്ന) ഗിന്നസ് റെക്കാർഡിന് ഉടമയായ ഖഗേന്ദ്ര ഥാപ്പ മഗർ (27) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നേപ്പാൾ കാഠ്മണ്ഡു സ്വദേശിയായ ഖഗേന്ദ്ര ഥാപ്പയ്ക്ക് ജനിക്കുമ്പോൾ വെറും 600 ഗ്രാമായിരുന്നു ഭാരം. 67.08 സെന്റിമീറ്ററാണ് ( 2 അടി 2.41 ഇഞ്ച്) ഥാപ്പയുടെ ഉയരം. നേപ്പാൾ ടൂറിസത്തിന്റെ ഗുഡ്‌വിൽ അംബാസഡർ ആയിരുന്നു.2010 ൽ 18-ാം പിറന്നാൾ ദിനത്തിലാണ് ലോകത്തെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന രെക്കാഡ് ലഭിക്കുന്നത്.”ഞാനൊരു ചെറിയ മനുഷ്യനാണെന്ന് വിശ്വസിക്കുന്നില്ല. ഞാൻ വലിയ വ്യക്തിയാണ്. എന്നാൽ എനിക്കും എന്റെ കുടുംബത്തിനും നല്ലൊരു വീട് ലഭിക്കാൻ ഈ വിശേഷണം സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അംഗീകാരം ലഭിച്ച വേളയിൽ ഥാപ്പ പറഞ്ഞിരുന്നു.