രക്ഷിതാക്കളുടെ പക്കൽ നിന്ന് മൂന്നു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുനെൽവേലി സ്വദേശി മാരി (43 ) ആണ് തമ്പാനൂർ സെൻട്രൽ റെയിൽവേ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവം. ജനതാ കർഫ്യു ആയതിനാൽ റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു. നാഗ്‌പൂരിൽ നിന്ന് കുട്ടിയുമായി വന്ന രക്ഷിതാക്കൾ കൊറോണ ഡെസ്‌കിൽ മെഡിക്കൽ ചെക്കിംഗിനായി കാത്തുനിൽക്കവേ ലഹരിയ്‌ക്ക് അടിമയായ പ്രതി മൂത്ത കുട്ടിയുമായി ഇരുന്ന മൂന്നു വയസുകാരനെ എടുത്ത് ഓടാൻ ശ്രമിക്കുകയായിരുന്നു.
നിലവിളിച്ചുകൊണ്ട് പെൺകുട്ടി പിറകെ ഓടുന്നതുകണ്ട റെയിവേ പൊലീസ് ഇയാൾക്ക് പിറകേ ഓടിയെങ്കിലും പ്രതി കുട്ടിയെ ട്രെയിനിന് മുന്നിലേക്ക് എറിയാൻ ശ്രമം നടത്തി. എന്നാൽ പൊലീസ് കുഞ്ഞിനെ രക്ഷിക്കുകയിരുന്നു. ഇതിനിടെ എ.എസ്.ഐ ജയകുമാറിന് പരിക്കേൽക്കുകയുണ്ടായി. ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്ന മാരി ലഹരി മരുന്ന് ഉപയോഗം കാരണം തൊഴിൽ നഷ്ടപ്പെട്ടതാണെന്നും ലഹരി മരുന്ന് വാങ്ങാനുള്ള പണം സമ്പാദിക്കാൻ ഭിക്ഷാടന മാഫിയക്ക് വിൽക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സി.പി.ഒ മാരായ അനിൽ, ഷജീർ, സന്തോഷ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.