കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചിടാന്‍ തീരുമാനിച്ചു.
കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിലവിലുള്ള ട്രാവന്‍കൂര്‍ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിന്‍ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാര്‍ മേഖലയില്‍ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാന്‍സ്പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.
സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാം. ഫാക്ടറികള്‍, കടകള്‍, വര്‍ക്ഷോപ്പുകള്‍, ഗോഡൗണുകള്‍ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സര്‍വ്വീസുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പോലീസിന് നേരിട്ട് കേസെടുക്കാം.
കോവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിന് സാനിറ്റൈസറുകളും Paracetamol Tablet IP 500 mg, Azhitromycin Tablet IP 500 mg, Cloropheniramine Meleate Tablet 4 mg, Amoxycillin Capsule IP 250 mg, Amoxycillin Capsule IP 500 mg, Cloxacillin Capsule IP 250 mg, Cetrizine TAalet IP 10 mg, Hydroxy Cloroquinine NF 200 mg എന്നീ എട്ട് വിഭാഗം മരുന്നുകളും ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിന് ടെണ്ടര്‍ നടപടികളില്‍ നിന്ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് ഇളവ് നല്‍കാനും തീരുമാനിച്ചു.
എട്ട് ഓര്‍ഡിനന്‍സുകള്‍ പുനഃവിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
1.2020-ലെ കേരള കര്‍ഷക തൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ്.
2.2020-ലെ കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.
3.2020-ലെ കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ഓര്‍ഡിനന്‍സ്.
4.2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓര്‍ഡിനന്‍സ്
5.2020-ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്.
6.2020-ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ഓര്‍ഡിനന്‍സ്.
7.2020-ലെ കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്.
8.2020-ലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്‍റ് ടെക്നോളജി ഓര്‍ഡിനന്‍സ്.
വ്യവസായ വകുപ്പിനു കീഴിലുള്ള ടെല്‍ക്കിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 2016 സപ്തംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു.
അവിനാശിയില്‍ കെ.എസ്.ആര്‍.ടിസി ബസ് അപകടത്തില്‍ മരിച്ച 19 പേരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായധനം നല്‍കാന്‍ തീരുമാനിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 25 പേര്‍ക്ക് അവര്‍ ചികിത്സാ ബില്ലുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് സഹായം (രണ്ടുലക്ഷം രൂപ വരെ) നല്‍കും.
പത്രപ്രവര്‍ത്തരുടെയും പത്രജീവനക്കാരുടെയും പെന്‍ഷന്‍ സംബന്ധമായ നടപടികള്‍ വേഗത്തിലാക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ നേരത്തെ രൂപീകരിച്ച പ്രത്യേക സെക്ഷന് ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.
അധിക ചുമതല
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് കെ.എസ്.ഐ.ഡി.സി എം.ഡി.യുടെ അധിക ചുമതല നല്‍കും.ജി.എസ്.ടി കമ്മീഷണര്‍ ആനന്ദ് സിങ്ങിന് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നല്‍കും