സാനിറ്രൈസർ നിർമ്മാണത്തിനിടെ പാലക്കാട് മലമ്പുഴ ജില്ലാ ജയിലിൽ സ്പിരിറ്റ് കട്ടുകുടിച്ച റിമാൻഡ് പ്രതി മരിച്ചു. പാലക്കാട് മുണ്ടൂർ സ്വദേശി അയ്യപ്പന്റെ മകൻ രാമൻകുട്ടിയാണ് (36)മരിച്ചത്. കൊറോണ പ്രതിരോധത്തിനായി ജില്ലാ ജയിലിൽ ഇന്നലെ സാനിറ്റൈസർ നിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കുടിക്കുകയായിരുന്നു. അൽപ്പസമയത്തിനകം അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇയാളെ ഉടൻ മലമ്പുഴയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഐ.സിയുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.ആശുപത്രിയിലെ പരിശോധനയിലാണ് വിഷ സ്പിരിറ്റ് ഉള്ളിൽചെന്നതായി സ്ഥിരീകരിച്ചത്. മോഷണക്കേസിൽ കോങ്ങാട് പൊലീസാണ് ഇയാളെ രണ്ട് ദിവസം മുമ്പ് റിമാൻഡ് ചെയ്തത്. സംഭവത്തിൽ മലമ്പുഴ പൊലീസ് കേസെടുത്തു. ജയിൽ ഡി.ജി.പി യുടെ നിർദേശാനുസരണം ജയിൽ ഐ.ജിയും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു