കോട്ടയം: ചങ്ങനാശേരിയിൽ ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ റോഡിൽ കുത്തിയിരുന്ന് സമരം. റോഡ് ഉപരോധിച്ച് നൂറോളം ഇതര സംസ്ഥാന തൊഴിലാളികളാണ് സമരം ചെയ്യുന്നത്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് പരാതി. നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
തങ്ങൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. എന്നാൽ ഭക്ഷണം കിട്ടുന്നില്ലെന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പരാതി തെറ്റാണെന്ന് ജില്ലാ കളക്ടർ സുധീർ ബാബു പറഞ്ഞു. ‘പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞതിനാൽ തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നാട്ടിൽ പോകാൻ കഴിയുമെന്ന വിശ്വാസത്തിൽ ഇവർ പെട്ടെന്ന് സംഘടിക്കുകയായിരുന്നു. 3500 പേരുണ്ട്. ഇന്നലെ വരെ ഈ ആവശ്യം ഉന്നയിച്ചില്ല. മറ്റു സംസ്ഥാനങ്ങളിൽ ആളുകളെ വാഹനത്തിൽ കൊണ്ടു പോകുന്നത് ടി.വിയിൽ കണ്ട് സംഘടിച്ചതാകാം.ഇതിന് പിന്നിൽ മറ്റെന്തെങ്കിലും സമ്മർദ്ദമുണ്ടോയെന്ന് അന്വേഷിക്കും’-കളക്ടർ പറഞ്ഞു.
പായിപ്പാട്ട് തെരുവിലിറങ്ങിയവരെ നാട്ടിലേക്കയക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ലെന്ന് കളക്ടർ വ്യക്തമാക്കി. കളക്ടറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും പായിപ്പാട്ട് എത്തിയതോടെ മൂന്നു മണിക്കൂർ നീണ്ട പ്രതിഷേധത്തിന് അയവ് വന്നു