തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ്- 19 രോഗബാധിതരെ ചികിത്സിക്കാനുള്ള കേന്ദ്രമായതിനാൽ കൂടുതൽ രോഗികളെത്തിയാൽ ചികിത്സ ലഭ്യമാക്കുന്നതു സംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനം ആരംഭിച്ചു. ഡോക്ടർമാർ, പി ജി വിദ്യാർത്ഥികൾ ഹൗസ് സർജന്മാർ എന്നിവർക്കും നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ഫാർമസിസ്റ്റുകൾ, ശുചീകരണ ജീവനക്കാർ എന്നിവർക്കു വേണ്ടിയും പ്രത്യേകം പരിശീലനമാണ് നൽകി വരുന്നത്. ഡോക്ടർമാർക്ക് ട്രീറ്റ്മെന്റ് പ്രോട്ടോക്കോൾ, ഇൻഫെക്ഷൻ കൺട്രോൾ മുതലായവയും നേഴ്സുമാർക്ക് ഇൻഫെക്ഷൻ കൺട്രോൾ, ഐ സി യു മാനേജ്മെന്റ് എന്നിവയിലാണ് പ്രധാനമായും പരിശീലനം നൽകി വരുന്നത്. ഇൻഫെക്ഷൻ കൺട്രോൾ കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് പരിശീലന പരിപാടി നടന്നു വരുന്നത്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാർ, സാംക്രമിക രോഗ വിഭാഗം മേധാവി ഡോ ആർ അരവിന്ദ്, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ നേഴ്സുമാർ, മെഡിസിൻ വിഭാഗത്തിലെ വിദഗ്ധർ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശീലനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ദിവസം മൂന്നു സെഷനുകളായാണ് പരിശീലനം പുരോഗമിക്കുന്നത്.