പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയിൽ നിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണം മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിംഗ്, കപിൽ സിബൽ, ദുഷ്യന്ത ദവെ എന്നിവർ നിഷേധിച്ചു. നാലുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം തെറ്റാണെന്ന് ജയ്സിംഗ് പ്രസ്താവനയിൽ പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമുള്ള എല്ലാ ശ്രമങ്ങൾക്കും നിയമനടപടി നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.അതേസമയം, ഹാദിയ കേസിൽ ഹാജരായതിനാണ് തനിക്ക് പണം ലഭിച്ചതെന്ന് കപിൽ സിബൽ പറഞ്ഞു. സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ദുഷ്യന്ത ദവെയും ആരോപണങ്ങൾ നിഷേധിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്ക് 120 കോടി ചെലവഴിച്ചുവെന്ന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില ദേശീയ മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കപിൽ സിബലിന് 77 ലക്ഷവും ഇന്ദിരാജയ്സിംഗ് 4ലക്ഷവും ദുഷ്യന്ത് ദവെ 11 ലക്ഷവും കൈപ്പറ്റിയെന്നായിരുന്നു വാർത്ത. എന്നാൽ ഇത് നിഷേധിച്ച് പോപ്പുലർ ഫ്രണ്ടും രംഗത്തുവന്നിരുന്നു.