വർക്കല:വിശക്കുന്ന എല്ലാവർക്കും ഭക്ഷണം ഒരുക്കി വർക്കല പൊലീസ് മാതൃകയാകുന്നു. ലോക്ഡൗൺ മൂലം ഭക്ഷണത്തിനും കുടിവെളളത്തിനുമായി കഷ്ട്ടപ്പെടുന്നവർക്ക് കൈതാങ്ങായാണ് വർക്കല പൊലീസിന്റെ ഇ മാതൃകാ പ്രവർത്തനം. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും വീട്ടിൽ കഴിയുന്ന പാവപ്പെട്ടവർക്കും സന്നദ്ധപ്രവർത്തകരുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് വർക്കല പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഒരുക്കിയിട്ടുളള സ്നേഹ സ്പർശം കൗണ്ടറിൽ നിന്നും ദിവസവും ഉച്ചക്ക് 12ന് ഭക്ഷണവും കുടിവെളളവും വിതരണം ചെയ്ത് വരുന്നത്. കുടിവെളളത്തിന് പുറമെ സംഭാരവും സ്റ്റേഷനിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ബി.ജയപ്രസാദിന്റെ നേതൃത്വത്തിലാണ് സ്നേഹ സ്പർശം പദ്ധതിയിലൂടെ ഭക്ഷണ വിതരണം ചെയ്തുവരുന്നത്.
ഞായറാഴ്ച മേൽവെട്ടൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പുലരി അനിൽ, സുദർശനൻ, ശ്യാംരാജ്, അർജ്ജുൻ, വടശേരിക്കോണം സ്വദേശി അനിൽ വിളബ്ഭാഗം, ഗിരിലാൽ, മഹിലാൽ, പ്രശാന്ത്, വടശേരിക്കോണം തെറ്റിക്കുളം സ്വദേശി സുരേഷ്, പുന്നമൂട് റസിഡന്റസ് അസോസിയോഷൻ പ്രസിഡന്റ് കെ.അജയകുമാർ, ഭാരവാഹികളായ സുജേന്ദ്രൻ നായർ, ജയകുമാർ, പുന്നമൂട് സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം ഭക്ഷ പൊതികളും കുടിവെളളവും വർക്കല പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിതരണം ചെയ്തു.എസ്.ഐ അജിത് കുമാർ, പ്രെബേഷൻ എസ്.ഐ പ്രവീൺ, പി.ആർ.ഒ ഷാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.