കൊറോണ വെെറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനമെങ്ങും. ഇതിനിടെയിലാണ് വിദേശത്തുനിന്നെത്തിയ മലയാളികൾ ഹോട്ടലിൽ ഒളിച്ചു താമസിച്ച വിവരം പുറത്തു വരുന്നത്. മലപ്പുറം സ്വദേശികൾ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിൽ താമസിച്ചുവെന്നാണ് വിവരം. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവർ മറച്ചുവയ്ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ജനതാ കർഫ്യുവിൽ കടുത്ത നിയന്ത്രണണങ്ങളായിരുന്നു ജില്ലകളിലടക്കം ഏർപ്പെടുത്തിയിരുന്നത്. രോഗം പടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിനു പിന്നാലെയാണു ഇക്കാര്യം പുറത്തുവന്നത്. അയൽജില്ലകളിൽനിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു. മറ്റു ജില്ലകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വയനാട്ടിലെത്തുന്നയായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു