ഭക്തിക്കും ആചാരങ്ങൾക്കും ഒപ്പം മാനവസേവയുടെ മാതൃക കൂടി എന്നും പിന്തുടരുന്ന പൂവത്തറ തെക്കത് ദേവീക്ഷേത്രവികസന സമിതി, ഈ കൊറോണ കാലത്തും പതിവ് തെറ്റിക്കാതെ നാടിന് കൈത്താങ്ങുമായി ഒപ്പമുണ്ട്. വികസന കമ്മിറ്റി നിർദേശാനുസരണം ക്ഷേത്ര വനിതാ കമ്മിറ്റിയാണ് ആയിരത്തോളം മാസ്കുകൾ രണ്ട് ദിവസം കൊണ്ട് തുന്നിയത്. വീടുകളിൽ തയ്യാറാക്കി, അയേൺ ചെയ്ത് അണുവിമുക്തമാക്കിയ മാസ്കുകൾ ആരോഗ്യ പ്രവർത്തകർക്കും വോളന്റിയേഴ്സിനും നൽകുന്നതിനായി ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ ശ്രീ.പ്രദീപിനും മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .വിജയകുമാരി എന്നിവർക്ക് ക്ഷേത്ര വികസന സമിതി സെക്രട്ടറി ശ്രീ.രാജേന്ദ്രൻ നായർ, ഖജാൻജി ശ്രീ.സുരേഷ് എന്നിവർ ചേർന്ന് കൈമാറി. വരും ദിവസങ്ങളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ അനുവദിക്കും വിധം കൂടുതൽ സഹായങ്ങൾ ചെയ്യാനുദ്ദേശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ പ്രളയകാലത്ത് ഒരു ലക്ഷം രൂപയുടെ സഹായം ക്ഷേത്രവികസന കമ്മിറ്റി നൽകിയത് ബഹു.കേരള ഡെപ്യൂട്ടി സ്പീക്കർ ക്ഷേത്രത്തിൽ എത്തിയാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ എട്ടു വർഷമായി തുടർച്ചയായി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 10 രോഗികൾക്ക് ചികിത്സാ സഹായം നൽകി വരുന്നതിലൂടെയും, വിവിധ പരീക്ഷാവിജയികളായ പ്രതിഭകളെയും, നാട്ടിലെ കുലത്തൊഴിലുകളെയും പാരമ്പര്യ കലകളെയും ആദരിക്കുന്നതിലൂടെയും വേറിട്ട മാതൃകകളാണ് എന്നും പൂവത്തറ തെക്കത് ക്ഷേത്രവികസന സമിതി ഒരുക്കുന്നത്.
ആറാട്ട് കടവിൽ ബസ് യാത്രികർക്കായി കാത്തിരിപ്പ് കേന്ദ്രവും, കലാപരിപോഷണത്തിനായി സ്ഥിരം രംഗവേദിയും ഈ കമ്മിറ്റിയുടെ സ്ഥിരോത്സാഹത്തിന്റെ അടയാളങ്ങളാണ്.