നാഷണൽ കോൺഫറൻസ് നേതാവും ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കുന്നു. ഫറുഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിക്കൊണ്ടുള്ള നടപടി പിൻവലിച്ചുകൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ ഉത്തരവിറക്കി. ഏഴ് മാസത്തിന് ശേഷമാണ് 83കാരനായ ഫറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നത്.
രണ്ടു വർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാനാകുന്ന പൊതു സുരക്ഷാ നിയമപ്രകാരമായിരുന്നു (പി.എസ്.എ) ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയത്. പൊതുജീവിതത്തിന് ശല്യമുണ്ടാക്കിയെന്നാണ് ഫരൂഖ് അബ്ദുള്ളയ്ക്കെതിരെ ചുമത്തിയത്.
ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിനു മുന്നോടിയായി ആഗസ്റ്റ് അഞ്ച് മുതലാണ് 83കാരനായ ഫറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ തന്റെ വീട്ടിൽ തടങ്കലിലാക്കിയത്. എന്നാൽ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും, ഒമർ അബ്ദുള്ളയും ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഇവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല