ആലപ്പുഴ പൂച്ചാക്കൽ അമിത വേഗതയിലെത്തിയ കാര്‍ നാല് സ്‍കൂള്‍ കുട്ടികളെ അടക്കം ആറുപേരെ ഇടിച്ചുതെറിപ്പിച്ചു…ശ്രീകണ്‍ഠേശ്വരം സ്കൂളിലെ അനഘ, ചന്ദന, അര്‍ച്ചന, സാഗി എന്നീ നാല് വിദ്യാര്‍ത്ഥിനികളെയാണ് പാഞ്ഞുവന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനികള്‍. റോഡിലൂടെ നടക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെയും സൈക്കളോടിച്ച് വരികയായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെയുമാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്.
റോഡ് സൈഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് കുട്ടികളും ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണു.വിദ്യാര്‍ത്ഥിനികളെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിനികളുടെ പരിക്ക് ഗുരുതരമല്ല. കാലിനും തുടയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളെ കൂടാതെ ബൈക്ക് യാത്രികരായ അനീഷ്, വേദ് എന്ന രണ്ടുപേരെയും കാറ് ഇടിച്ച് തെറിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും ഗുരുതര പരിക്കുകളുണ്ട്. കാര്‍ ഓടിച്ചയാള്‍ മദ്യപിച്ചിരുന്നതായാണ് സൂചന. കാറിലുണ്ടായിരുന്നവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.