ആറ്റിങ്ങൽ കല്ലമ്പലം ദേശീയ പാതയോരങ്ങൾക്ക് സമീപം നിൽക്കുന്ന തണൽമരങ്ങൾ നിരന്തരം അപകടം വിതയ്ക്കുമ്പോഴും അധികൃതർക്ക് അനക്കമില്ല. ഏതു സമയവും നിലം പൊത്താറായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ മരങ്ങൾ മുറിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ കടുത്ത അനാസ്ഥയാണ് ഇപ്പോഴും പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ദേശീയ പാത കടന്നുപോകുന്ന ഭാഗങ്ങളിൽ മരം ഒടിഞ്ഞുവീണുണ്ടായ അപകടങ്ങൾ നിരവധിയാണ്. കഴിഞ്ഞ ദിവസം കല്ലമ്പലത്തിനു സമീപം വേനൽ മഴയിൽ മരം കടപുഴകിവീണ് പാർക്ക് ചെയ്തിരുന്ന കാറും, ട്രാൻസ് ഫോർമറിന്റെ സുരക്ഷാവേലിയും തകർന്നിരുന്നു. ആളപായം ഒഴിവായത് തലനാരിഴയ്ക്കാണ് .മരം കടപുഴകി വീഴുന്നതോടെ മണിക്കൂറുകളോളം റോഡ് ഗതാഗതം താറുമാറാകുന്നതോടെ . കൂടാതെ രാത്രികാലങ്ങളിൽ വൈദ്യുതി കമ്പികൾക്ക് മുകളിലൂടെ ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നതിലൂടെ വൈദ്യുത ബന്ധം മണിക്കൂറുകളോളം നിലയ്ക്കുകയും രാത്രിയിൽ വൈദ്യുത കമ്പികൾ പൊട്ടിവീഴുന്നത് രാവിലെ പത്രം,പാൽ,മത്സ്യ വിതരണത്തിന് പോകുന്നവർക്ക് ഭീഷണിയാണ്..റോഡരികിൽ നിൽക്കുന്ന മരങ്ങൾ കാൽനടക്കാരുടെയും വാഹനങ്ങളുടെയും മുകളിലൂടെ വീണപകടങ്ങൾ പതിവായിട്ടും അതിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനോ മരങ്ങൾ മുറിച്ചു മാറ്റുന്നതിനോ ഇനിയും നടപടിയുണ്ടായിട്ടില്ല.