തിരുവനന്തപുരം: സ്വന്തമായി ഒരു വീടില്ലാതെ ദുരിതാവസ്ഥയിൽ കഴിഞ്ഞിരുന്ന വഞ്ചിയൂർ കൈതമുക്കിലെ ശ്രീദേവിക്കും മക്കൾക്കും ഇനി നഗരസഭ നൽകിയ ഫ്ളാറ്റിൽ സുരക്ഷിതമായി ജീവിക്കാം. നഗരസഭയുടെ കല്ലടിമുഖത്തെ ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുണ്ടായിരുന്ന ഫ്ളാറ്റാണ് ശ്രീദേവിക്ക് നഗരസഭ നൽകിയത്. ഫ്ളാറ്റിന്റെ താക്കോൽ ദാനം നഗരസഭാ അങ്കണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശ്രീദേവിയുടെയും കുട്ടികളുടെയും ദുരിതാവസ്ഥ വാർത്തയായതിനെ തുടർന്ന് ശ്രീദേവിക്ക് നഗരസഭയിൽ നേരത്തെ ജോലി നൽകിയിരുന്നു. അതോടൊപ്പം തന്നെ ശ്രീദേവിക്ക് വീട് നൽകുമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കപ്പെട്ടപ്പോൾ ശ്രീദേവിക്കും കുട്ടികൾക്കും താമസിക്കാൻ സുരക്ഷിതമായ ഒരിടമാണ് ഒരുങ്ങിയത്. മേയർ കെ. ശ്രീകുമാർ അധ്യക്ഷനായി ഡെപ്യൂട്ടി മേയർ അഡ്വ : രാഖി രവികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വഞ്ചിയൂർ പി.ബാബു, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്.പുഷ്പലത, നഗരാസൂത്രണകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പാളയം രാജൻ , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. എസ് സിന്ധു, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി. ബിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.