തിരുവനന്തപുരം : കേരള സർവകലാശാലാ യുവജനോത്സവത്തിൽ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാത്രി 14 ഇനങ്ങളുടെ ഫലം വന്നപ്പോൾ മാർ ഇവാനിയോസ് കോളേജ് 38 പോയിന്റുമായി മുന്നിൽ. വഴുതക്കാട് ഗവ.വിമെൻസ് കോളേജ് 29 പോയിന്റുമായി രണ്ടാം സ്ഥാനത്തും 27 പോയിന്റുമായി യൂണിവേഴ്‌സിറ്റി കോളേജും 26 പോയിന്റുമായി സ്വാതിതിരുനാൾ സംഗീത കോളേജും യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്. വനിതാ വിഭാഗത്തിൽ 15 പോയിന്റുമായി യൂണിവേഴ്‌സിറ്റി കോളേജാണ് ഒന്നാം സ്ഥാനത്ത്. പങ്കെടുത്ത രണ്ടിനങ്ങളിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ എസ്.എസ്. വിഷ്ണുറാം, യൂണിവേഴ്‌സിറ്റി കോളേജിലെ ആര്യ എച്ച്. എന്നിവരാണ് രണ്ടാം ദിനത്തിൽ കലോത്സവവേദിയിലെ താരങ്ങളായത്. കഥകളി, ഭരതനാട്യം എന്നീ ഇനങ്ങളിലാണ് എസ്.എസ്. വിഷ്ണു റാം ഒന്നാമതെത്തിയത്.പ്രച്ഛന്നവേഷം, കഥകളി എന്നീ ഇനങ്ങളിലാണ് ആര്യ എച്ച്. ഒന്നാമതെത്തിയത്. നൃത്തയിനങ്ങളിൽ പോയിന്റുകൾ വാരിക്കൂട്ടിയാണ് മാർ ഇവാനിയോസിന്റെ മുന്നേറ്റം. ഈ വിഭാഗത്തിൽ 25 പോയിന്റുകൾ സ്വന്തമാക്കി മാർ ഇവാനിയോസ് ഈ വിഭാഗത്തിൽ മുന്നേറ്റം തുടരുമ്പോൾ 13 പോയിന്റുമായി തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജാണ് തൊട്ടുപിന്നിൽ. രചനാമത്സരങ്ങളിൽ യൂണിവേഴ്‌സിറ്റി കോളേജാണ് മുന്നിൽ. വഴുതക്കാട് വിമെൻസ് കോളേജാണ് തൊട്ടുപിന്നിൽ. സംഗീത വിഭാഗത്തിൽ വഴുതക്കാട് വിമെൻസ് കോളേജും സ്വാതി തിരുനാൾ സംഗീത കോളേജും തമ്മിലാണ് പ്രധാനമത്സരം