ആറ്റിങ്ങൽ: കൂട്ടമായി തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് 25 മുട്ടക്കോഴികളെ കടിച്ചു കൊന്നു. ആലംകോട് കൊച്ചുവിളമുക്ക് വിദ്യാഭവനിൽ സുരേന്ദ്രന്റെ വളർത്തു കോഴികളെയാണ് കഴിഞ്ഞ ദിവസം രാത്രി നായ്ക്കൾ ആക്രമിച്ചത്. രാവിലെ കോഴികൾക്ക് തീറ്റ നൽകാനായി എത്തുമ്പോഴാണ് ഇവ ചത്തു കിടക്കുന്നത് കണ്ടത്. അപ്പോഴും നായ്ക്കൾ പറമ്പിലും സമീപത്തും കോഴികളെ തിന്നുകൊണ്ട് കിടക്കുകയായിരുന്നു. ഓടിക്കാൻ ശ്രമിച്ചപ്പോൾ നായ്ക്കൾ വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. ബലമുള്ള കമ്പികൊണ്ട് നിർമ്മിച്ച കൂട് തകർത്താണ് നായ്ക്കൾ അകത്തു കടന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേന്ദ്രൻ മണമ്പൂർ ഗ്രാമ പഞ്ചായത്തിന് നിവേദനം നൽകി. ഈ ഭാഗത്ത് തെരുവു നായ് ശല്യം രൂക്ഷമാണെന്ന് കാട്ടി നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. രാത്രിയിൽ ബൈക്ക് യാത്രക്കാരെ നായ്ക്കൾ സംഘം ചേർന്ന് ആക്രമിക്കുന്നതും പതിവാണ്. പത്ര വിതരണക്കാരാണ് കൂടുതലും ഇരയാകുന്നത്. പ്രദേശത്ത് ആട്, പശു എന്നിവയ്ക്ക് നേരെയും നായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്.