കടുത്തുരുത്തിയിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അദ്ധ്യാപിക ക്രൂരമായി തല്ലിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്. കടുത്തുരുത്തി കുറുപ്പുന്തറ, മണ്ണാറപ്പാറ എൽ.പി സ്‌കൂളിലെ മിനി ജോസഫ് എന്ന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നാണ് സ്‌കൂൾ മാനേജ്മെന്റ് അറിയിച്ചിരുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ പൊലീസ് ഇവർക്കെതിരെ കേസും എടുത്തിട്ടുണ്ട്. അദ്ധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.കുറുപ്പുന്തറ കളത്തൂക്കുന്നേൽ സൗമ്യയുടെ മകൻ പ്രണവ് രാജിനെയാണ് മിനി ജോസഫ് അതിക്രൂരമായി മർദിച്ചതായി പരാതി ഉയർന്നിരുന്നത്. കുട്ടിയുടെ ഇരു കാലുകളിലുമായി ഇരുപതിലേറെ അടിയുടെ പാടുകളുണ്ടെന്നാണ് മാതാവ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്‌കൂൾ കഴിഞ്ഞ ശേഷം രാത്രീ വൈകി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ചേർന്ന് കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. സംഭവദിവസം സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ കുട്ടിയുടെ കാലുകളിൽ ചൂരൽ പാടുകൾ ശ്രദ്ധിച്ചത് കുട്ടിയുടെ മുത്തശ്ശിയായിരുന്നു.
ഉടൻ കുട്ടിയുമായി ഇവർ സ്‌കൂളിൽ എത്തിയെങ്കിലും അദ്ധ്യാപിക അപ്പോഴേക്കും വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ശേഷം ജോലി കഴിഞ്ഞെത്തിയ സൗമ്യയാണ് ടീച്ചറോട് ഇക്കാര്യം തിരക്കിയത്. മലയാളം വായിച്ച് കണ്ണ് തെളിയുന്നതിന് വേണ്ടിയാണ് താൻ കുട്ടിയെ തല്ലിയതെന്നായിരുന്നു മിനി നൽകിയ വിശദീകരണം. തുടർന്ന് അമ്മ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയും ജനമൈത്രി പൊലീസിന് പരാതി നൽകുകയുമായിരുന്നു.