ആറ്റിങ്ങല്‍: അനധികൃത പാറക്വാറികളില്‍ റെവന്യൂ വകുപ്പിന്റെ റെയ്ഡ്, 45 ലോറികള്‍ പിടിച്ചെടുത്തു. മുദാക്കല്‍ പഞ്ചായത്തിലെ ഇളമ്പ പാറയടിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃതപാറക്വാറിയില്‍ നിന്ന് പാറകയറ്റാനെത്തിയ 45 ലോറികളാണ് പിടിച്ചെടുത്തത്. റവന്യു അധികൃതരാണ് റെയ്ഡ് നടത്തിയ ലോറികള്‍ കസ്റ്റഡിയിലെടുത്തത്. ഏക്കര്‍ കണക്കിന് വരുന്ന സര്‍ക്കാര്‍ ഭൂമിയിലാണ് ഇവിടെ ഖനനം. നേരത്തെ സര്‍ക്കാര്‍ ഖനനാനുമതി നല്‍കിയിരുന്നു. ആ കാലയളവില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖനനം നിരോധിച്ചു. എന്നാല്‍ നിരോധനഉത്തരവ് മറികടന്ന് ഇവിടെ നിര്‍ബാധം ഖനനം നടന്നുവരികയാണ്.
നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് പാറക്വാറി നടത്തുന്നവര്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്കിയിരുന്നുവെങ്കിലും പിഴയടച്ചില്ല. പലതവണ നിരോധന ഉത്തരവ് നല്കിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. പിടിച്ചെടുത്ത ലോറികള്‍ക്ക് പിഴചുമത്തും.
ഖനനം നടത്തിയവര്‍ക്കെതിരെ ജിയോളജിവകുപ്പാണ് നടപടിയെടുക്കേണ്ടതെന്നും അതിനായി റിപ്പോര്‍ട്ട് നല്കിയതായും തഹസീല്‍ദാര്‍ പറഞ്ഞു. ചിറയിന്‍കീഴ് തഹസീല്‍ദാര്‍ ആര്‍.മനോജിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ഗോപകുമാര്‍, അമ്പാടി, വില്ലേജോഫീസര്‍മാരായ നിസാമുദ്ദീന്‍, ഹരിലാല്‍, സ്പെഷ്യല്‍ വില്ലേജോഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് നടപടി.