ഡോക്ടർ ചമഞ്ഞ് നാടുനീളെ ചികിത്സയുടെ മറവിൽ വീട്ടമ്മമാരെയും പെൺകുട്ടികളെയും പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത വിരുതൻ ചങ്ങനാശേരിയിൽ പിടിയിലായി. പരുമല കല്ലൂപ്പറമ്പിൽ ജ്ഞാനദാസ് (48) ആണ് പിടിയിലായത്. ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന് ലഭിച്ച പരാതിയെതുടർന്ന് സി.ഐ പി.വി മനോജ്കുമാറും സംഘവും ചേർന്നാണ് ഇയാളെ കുരുക്കിയത്.
വൈദ്യനായ ഇയാൾ ‘ഡോക്ടർ’ എന്ന് വിളിക്കാൻ രോഗികളെയും ബന്ധുക്കളെയും നിർബന്ധിക്കാറുണ്ടായിരുന്നു. മർമ്മാണി ചികിത്സയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
ഒരു യുവാവിനെ ചികിത്സിക്കാൻ വീട്ടിലെത്തിയ ഇയാൾ വീട്ടുകാരുടെ വിശ്വാസം ആർജ്ജിച്ചെടുത്തശേഷം പീഡനത്തിലേക്ക് തിരിയുകയായിരുന്നു. 15-കാരിക്ക് സ്ഥിരമായി തലവേദന വരാറുണ്ടായിരുന്ന വിവരം മനസിലാക്കിയ ‘ഡോക്ടർ’ ചികിത്സ നടത്താൻ വീട്ടുകാരെ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഒരു മുറിയിലാക്കിയശേഷം ‘ചികിത്സ’ നടത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതറിഞ്ഞ് സഹോദരൻ ചോദ്യം ചെയ്തു. ഇത് ചികിത്സയുടെ ഭാഗമാണെന്നായിരുന്നു ‘ഡോക്ടറുടെ’ മറുപടി. കൂടാതെ സഹോദരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
ചികിത്സയ്ക്കായി വരണമെന്ന് വീട്ടുകാരെക്കൊണ്ട് മൊബൈൽ ഫോണിൽ വിളിച്ചാണ് ഇയാളെ സി.ഐ മനോജ് കുമാർ ചങ്ങനാശേരിയിൽ വിളിച്ചുവരുത്തിയത്. എസ്.ഐ രമേശ് ബാബു, എ.എസ്.ഐ മാരായ സിജു കെ.സൈമൺ, സിജോ ചാണ്ടപ്പിള്ള, ഷാജി എന്നിവരും സി.ഐയ്ക്കൊപ്പം ഉണ്ടായിരുന്നു.റാന്നിയിലെ ഒരു വീട്ടമ്മയിൽ നിന്ന് അഞ്ചു പവന്റെ ആഭരണങ്ങളും പണവും തട്ടിയെടുത്തതിന് ജയിലിൽ കിടന്നിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. 2014-ലാണ് സംഭവം. കൂടുതൽ വീട്ടമ്മമാരെയും പെൺകുട്ടികളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും അറിയുന്നു. എന്നാൽ വിശദവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.