ജുവലറി കവർച്ച കേസിൽ കർണാടകയിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ മലയാളി യുവാവിനെ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാസർകോട് കീഴൂർ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെയാണ് (38) ഇന്നലെ വൈകിട്ട് കർണാടകയിലെ ബണ്ട്വാളിൽ വച്ച് സംഘം കാറിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത്. കാസർകോട് ഉപ്പള സ്വദേശി നപ്പട്ട റഫീഖ് ഉൾപ്പെടെ ക്വട്ടേഷൻ സംഘത്തിലെ നാലുപേർ കർണാടക പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.
വെള്ളിയാഴ്ച തസ്ളിം ജയിലിൽ നിന്നിറങ്ങി കാസർകോട്ടേയ്‌ക്ക് കാറിൽ വരുന്നതിനിടെയാണ് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് തസ്ളീമിന്റെ സഹോദരന്റെ പരാതിയിൽ കർണാടകയിലെ നെലോഗി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊല നടന്നത്. ഇന്നലെ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെ ബണ്ട്വാളിന് സമീപം കാറിൽ വെച്ച് തസ്ലീമിനെ കൊലപ്പെടുത്തുകയായിരുന്നു.
അഫ്ഗാൻ സ്വദേശിയുൾപ്പെട്ട ഒരു ജുവലറി കവർച്ചാ കേസിൽ കഴിഞ്ഞ സെപ്തംബർ 16 നാണ് തസ്ളീമിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് സുഹൃത്തുക്കൾക്കൊപ്പം കാസർകോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷൻ സംഘം തസ്ളീമിനെ തട്ടിക്കൊണ്ടുപോയത്. നിരവധി കേസുകളിൽ പ്രതിയാണ് തസ്ലീം.
തസ്ലീമിനെ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഡൽഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിനുശേഷമാണ് കർണാടകയിലെ ഒരു ആർ.എസ്.എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിലും പൊലീസ് തസ്ലിമിനെ വിട്ടയച്ചു. തസ്ലീം കൊല്ലപ്പെട്ടതായി കാസർകോട് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.