തിരുവനന്തപുരം: കാട്ടാക്കടയിൽ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ സജുവാണ് ഇന്ന് പുലർച്ചയോടെ പൊലീസിന് മുൻപിൽ കീഴടങ്ങിയത്. സജു കീഴടങ്ങിയതോടെ കേസിലെ പ്രതികളെല്ലാം ഇപ്പോൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും മണ്ണെടുക്കുന്നത് തടഞ്ഞ കീഴാറ്റൂർ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതിനെ കഴിഞ്ഞയാഴ്ചയാണ് പ്രതികൾ കൊലപ്പെടുത്തിയത്.സംഗീതിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ള ആറുപേർ, പ്രതികൾക്ക് സഹായങ്ങൾ ഏർപ്പാടാക്കിയ അഞ്ചിലേറെ പേർ എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോൾ പൊലീസ് പിടിയിലായിട്ടുള്ളത്. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയ പാലോട്ടുകോണം സ്വദേശി ഉണ്ണി, ഒറ്റശേഖരമംഗലം സ്വദേശി അനീഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ജെ.സി.ബി കൊണ്ടാണോ ടിപ്പർ കൊണ്ടാണോ പ്രതികൾ സംഗീതിനെ വകവരുത്തിയത് എന്നറിയുന്നതിനായി വാഹനങ്ങളുടെ ഫോറൻസിക് പരിശോധന പൊലീസ് നടത്തിയിരുന്നു.
അതേസമയം മണ്ണ് മാഫിയ വീട്ടിലെത്തിയപ്പോൾ തന്നെ പൊലീസിനെ വിളിച്ചെങ്കിലും അപ്പോൾ അവർ വന്നില്ലെന്ന് സംഗീതിന്റെ ഭാര്യ ആരോപിക്കുന്നു. രാത്രി 12.40ന് തന്നെ പൊലീസിനെ വിളിച്ചെങ്കിലും സംഗീത് ആക്രമിക്കപ്പെട്ട ശേഷം ഒന്നരയോടെയാണ് പൊലീസ് എത്തിയതെന്നാണ് ഇവർ പറയുന്നത്. തന്റെ സ്ഥലത്തുനിന്നും അനുമതിയില്ലാതെ മണ്ണ് കടത്താനുള്ള പ്രതികളുടെ നീക്കത്തെ തടഞ്ഞതിനാണ് വെള്ളിയാഴ്ച പുലർച്ചയോടെ സംഗീതിനെ ഇവർ കൊലപ്പെടുത്തിയത്.