കൽപ്പറ്റ: പതിനേഴുകാരിയെ സ്‌കൂളിലെ ടോയ്‌ലെറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുട്ടിൽ ഡബ്ളിയു.എം.ഒ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയും കമ്പളക്കാട് മുളപറമ്പത്ത് അറക്ക ഹംസ – റംല ദമ്പതികളുടെ മകളുമായ ഫാത്തിമ നസീലയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഉച്ചഭക്ഷണ സമയം വരെ ഫാത്തിമ ക്ലാസിലുണ്ടായിരുന്നു. ഇടവേള കഴിഞ്ഞ് ക്ലാസ് തുടങ്ങിയിട്ടും കാണാതിരുന്നപ്പോൾ സഹപാഠികളും അദ്ധ്യാപകരും നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ടോയ്‌ലെറ്റിൽ ശ്വാസം നിലച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ കൽപ്പറ്റ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.വിവരമറിഞ്ഞ് ജില്ലാ കളക്ടറും ഡി.എം.ഒ യും ആശുപത്രിയിലെത്തി. കൽപ്പറ്റ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഷക്കീല, ഷക്കീർ.