സംസ്ഥാനത്ത് കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 288 പേരെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രകടമായ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ള എട്ട് പേരിൽ ആറ് പേരുടെ പരിശോധനാഫലം വന്നിട്ടുണ്ടെന്നും ഇതിലൊന്നും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ചികിത്സയിലുള്ള പെരുമ്പാവൂർ സ്വദേശിയും ഇതിൽ പെടും.
ഇതിൽ രണ്ട് പേർക്ക് എച്ച്‍വൺ എൻവൺ പനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇനി റിസൾട്ട് കിട്ടാനുള്ള രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങൾ ഇപ്പോൾ പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.ഏതെങ്കിലും കേസുകൾ കൊറോണ പോസിറ്റീവായാൽ നേരിടാനുള്ള ഉപകരണങ്ങൾ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ കണ്ടെത്താൻ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. പ്രാദേശികമായി ആരോഗ്യപ്രവർത്തകരെ കൃത്യമായി വിവരമറിയിക്കണം. നിരന്തരമായി അവരുമായി സമ്പർക്കം പുലർത്തണം – മന്ത്രി പറഞ്ഞു.കോറോണവൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായി കാണാൻ 28 ദിവസമെടുത്തേക്കുമെന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം. ലക്ഷണങ്ങൾ കാണുന്നതിന് മുമ്പ് തന്നെ പടരാനും സാധ്യതയുണ്ട്. അതിനാൽ, പനി ബാധിച്ച നിലയിലുള്ള എല്ലാവരും കൃത്യമായി തൊട്ടടുത്തുള്ള പ്രധാന ആരോഗ്യകേന്ദ്രത്തിലെത്തിത്തന്നെ ചികിത്സ തേടണം – ആരോഗ്യമന്ത്രി പറഞ്ഞു.