മരണ ഭീതി വിതച്ച് ലോകമെങ്ങും വ്യാപിക്കുന്ന എൻ – കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തിൽ ഇന്ത്യയിൽ ഏഴുപേർ കൂടി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചു. ചൈനയിൽ നിന്ന് തിരിച്ചെത്തിയ ഇവരുടെ സ്രവങ്ങൾ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നിരീക്ഷണത്തിലായിരുന്ന നാലു പേർക്ക് വൈറസ് ഇല്ലെന്ന് തെളിഞ്ഞു. ചൈനയിൽ നിന്ന് വന്നവരിൽ കേരളത്തിൽ 7 പേരും മുംബയിൽ രണ്ട് പേരും ബംഗളൂരുവിലും ഹൈദരാബാദിലും ഓരോരുത്തരും നിരീക്ഷണത്തിലാണ്.ഡൽഹി, കൊൽക്കത്ത, മുംബയ്, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളിൽ എത്തുന്നവരെ തെർമൽ സ്ക്രീനിംഗ് അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.ഇന്നലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇന്ത്യയിലെ കൊറോണ മുൻകരുതലും സുരക്ഷയും വിലയിരുത്തി. നേപ്പാളിൽ വൈറസ് സ്ഥിരീകരിച്ചതിനാൽ അതിർത്തി വഴി ഇന്ത്യയിലേക്ക് വരുന്നവരെ കർശനമായി പരിശോധിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട്, കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.