ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തിൽ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ചർച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നീ ഏജൻസികളും സഹകരിച്ച് ടൂറിസം മേഖലയിലെ മാലിന്യനിർമ്മാർജ്ജനത്തിന് ഒരു ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന അഭിപ്രായം ചർച്ചയിൽ ഉണ്ടായി. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച പുരോഗമിച്ചത്.
നിലവിൽ മാലിന്യനിർമാർജ്ജനത്തിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികൾ ഏകോപിപ്പിക്കുക, മാലിന്യ പുനഃചംക്രമണവും പുനരുപയോഗവും എന്നതിലുപരി ഉപയോഗം കുറയ്ക്കുക, മാലിന്യം ഉല്പാദിപ്പിക്കുന്നവർ തന്നെ അത് സംസ്‌കരിക്കാനുള്ള സൗകര്യമൊരുക്കുക എന്നീ അഭിപ്രായങ്ങൾ ചർച്ചയിൽ ഉരുത്തിരിഞ്ഞു.
വിവിധ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതികൾ പഞ്ചായത്ത് പ്രതിനിധികൾ വിശദീകരിച്ചു. പ്ലാസ്റ്റിക്കിന് ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയും നടന്നു.
ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും ടൂറിസം മേഖലയിലെ മാലിന്യനിർമാർജ്ജനത്തിനു കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാമെന്നും കൺവീനറായ രൂപേഷ് കുമാർ പറഞ്ഞു.
സുമേഷ് മംഗലശ്ശേരി മോഡറേറ്ററായ ചർച്ചയിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർമാർ, യു.എൻ.ഡി.പി പ്രൊജക്റ്റ് ഓഫീസർമാർ, ടൂറിസം വകുപ്പ് ഭാരവാഹികൾ, ശുചിത്വമിഷൻ ഭാരവാഹികൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.