124 വർഷം പാരമ്പര്യമുള്ള ഒളിമ്പിക്സ് ചരിത്രത്തിൽ നാലാം തവണയാണ് ഒളിമ്പിക്സ് മാറ്റിവെക്കുന്നത്. നേരത്തേ മൂന്നു തവണ മാറ്റിയപ്പോഴും യുദ്ധമായിരുന്നു കാരണം. ഇതാദ്യമായാണ് മറ്റൊരു കാരണത്താൽ ഒളിമ്പിക്സ് മാറ്റിവെക്കുന്നത്. 1980 മോസ്കോ ഒളിമ്പിക്സ് അമേരിക്ക ഉൾപ്പെടെയുള്ളവർ ബഹിഷ്കരിക്കുകയും 1972 മ്യൂണിക്കിനെതിരെ തീവ്രവാദ ആക്രമണം നടക്കുകയും ചെയ്തെങ്കിലും മാറ്റിവെച്ചിരുന്നില്ല. കോവിഡ്- 19 മഹാമാരിയെ തുടർന്ന് 2020 ടോക്യോ മാറ്റിവെച്ചത് പുതുചരിത്രമായി.
1916 ബെർലിൻ
1912ലാണ് ജർമൻ തലസ്ഥാനമായ ബെർലിന് ഒളിമ്പിക്സ് സമ്മാനിക്കുന്നത്. മൂന്നു വർഷം മുേമ്പ 33,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം തുറന്ന് ബെർലിൻ ഒരുക്കം വർണാഭമാക്കി. കൈസർ വിൽഹം രണ്ടാമെൻറ രാജവാഴ്ചയുടെ 25ാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു അവർ. 1914 ജൂൺ 27,28ന് ഒളിമ്പിക്സ് ട്രയൽസും നടത്തി. എന്നാൽ, രണ്ടാം ദിനത്തിൽ ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒളിമ്പിക്സ് റദ്ദാക്കി.
1940 ടോക്യോ
1923ൽ ഒരുലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽ തകർന്ന ജപ്പാെൻറ തിരിച്ചുവരവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമായിരുന്നു 1940 ടോക്യോ ഒളിമ്പിക്സ്. ഏഷ്യയുടെ ആദ്യ വിശ്വമേളയും. എന്നാൽ, ചൈന-ജപ്പാൻ യുദ്ധം ഒളിമ്പിക്സ് മുടക്കാൻ കാരണമായി.
1944 ലണ്ടൻ
1939ലായിരുന്നു ലണ്ടനെ ഒളിമ്പിക്സ് വേദിയായി തെരഞ്ഞെടുത്തത്. എന്നാൽ, മൂന്നു മാസംകൊണ്ട് തീരുമാനങ്ങൾ അട്ടിമറിഞ്ഞു. ബ്രിട്ടൻ ലോകയുദ്ധത്തിൽ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചതോടെ ഒളിമ്പിക്സ് മുടങ്ങി. 1945ൽ ലോകയുദ്ധം അവസാനിച്ചതിനു പിന്നാലെ ലണ്ടൻ വീണ്ടും ഒളിമ്പിക്സിന് സജ്ജമായി. 1948ൽ അവർ ജർമനിയും ജപ്പാനുമില്ലാത്ത ഒളിമ്പിക്സിന് വേദിയായി.