കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയയുടെ കണ്ണീരായിരുന്നു ആസ്‌ട്രേലിയയിൽ നിന്നുള്ള ക്വാഡൻ ബെയിൽസ് എന്ന കുട്ടി. തന്റെ പൊക്കക്കുറവിനെ പറ്റിപറഞ്ഞുള്ള കൂട്ടുകാരുടെ കളിയാക്കലിനാൽ വിഷമിച്ചു കരയുന്ന ക്വാഡന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. തന്നെയൊന്ന് കൊന്നുതരുമോ എന്ന് അമ്മയോട് ആവശ്യപ്പെട്ട് കരയുന്ന ക്വാഡന്റെ വീഡിയോ അമ്മ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സ്കൂളിൽ തൻറെ മകൻ അനുഭവിച്ച ബുള്ളിയിങ്ങും അത് തന്റെ മകനെ എത്രത്തോളമാണ് തകർത്തതെന്നും ആ അമ്മ വീഡിയോയിലൂടെ പറയുന്നുണ്ട്.
ക്വാഡൻ ബെയിൽസിന്റെ ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയതോടെ HUGH JACKMAN, JD MORGAN തുടങ്ങി നിരവധി പ്രമുഖർ ക്വാഡന് പിന്തുണയുമായി എത്തിയിരുന്നു. BRAD WILLIAMS എന്ന കോമഡി ആർട്ടിസ്‌റ് ക്വാഡന് വേണ്ടി ആരംഭിച്ച ഫണ്ട് റൈസിംഗ് പേജിലേക്ക് ലക്ഷക്കണക്കിന് ഡോളേഴ്‌സാണ് ഒഴുകി എത്തുന്നത്.
എന്താണ് ബുള്ളീയിങ്
നമ്മുടെ നാട്ടിലെ സ്കൂളുകളിൽ റാഗിങ്ങ് എന്ന പേരിൽ നടക്കുന്ന സംഭവങ്ങളുടെ വേറൊരു പതിപ്പാണ് വിദേശരാജ്യങ്ങളിൽ ബുള്ളീയിങ് എന്ന പേരിൽ അറിയപ്പെടുന്നത്. പ്രധാനമായും സ്കൂളുകളിലും, കോളേജുകളിലുമാണ് ഇത്തരം പ്രവണതകൾ ഉള്ളത്. കുട്ടികൾ കൂട്ടായി ചേർന്ന് ചില കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതാണ് രീതി. പലപ്പോഴും ഇത്തരം സംഭവങ്ങൾ ഇരയായ കുട്ടികളെ മാനസികമായി തകർക്കാറുണ്ട്. ബുള്ളീയിങ് മൂലം ആത്മഹത്യകൾ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി കുട്ടികൾ ഇത്തരം ക്രൂര വിനോദങ്ങൾ മൂലം പഠനം മതിയാക്കുകയോ, മാനസിക നില തകർന്നതോ ആയ നിരവധി സംഭവങ്ങൾ വിദേശ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.