രാഷ്ട്രീയ കേരളത്തിന്റെ പാരമ്പര്യത്തിന്റെ പതിൻമടങ്ങുണ്ടാകും കേരളത്തിലിന്നോളം നടന്ന രാഷട്രീയ കൊലപാതകങ്ങൾ. വാടിക്കൽ രാമകൃഷ്ണനും, അഴീക്കോടൻ രാഘവനും, ജയകൃഷ്ണൻ മാസ്റ്ററ്റും, ഷുക്കുറും, ഷുഹൈബും, ഒടുവിൽ ശരത്തും കൃപേഷും വരെ രാഷട്രീയപരമായ പകയുടെ, പ്രതികാരത്തിന്റെ കത്തിമുനകളിൽ പെട്ട് ജീവിതം ഒടുങ്ങിപ്പോയവർ. എന്നാൽ 2012 മേയ് നാലിന് രാത്രി പത്തിന് വടകരയ്ക്കടുത്ത് ഒഞ്ചിയം ഓർക്കാട്ടേരിയിൽ വച്ച് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലചെയ്യപ്പെടുമ്പോൾ കേരളം അന്നുവരെ കാണാത്ത ഇടപെടലുകളും വിചാരണകളും ടി.പി. വധത്തിലുണ്ടായി.
ഉണ്ണിയാർച്ചയുടെയും, ആരോമൽ ചേകവരുടെയും, ഒതേനന്റെയും വീരഗാഥകൾ പുകൾപെറ്റ കടത്തനാടിന്റെ ചരിത്രഭുമികയ്ക്കുമപ്പുറം ഏറനാടിന്റെയും, നാദാപുരത്തിന്റെയും, പുറംകര കടപ്പുറത്തെയും വിപ്ലവ വീര്യമാണ് രാഷ്ട്രീയ ബോധമുള്ള മലയാളിയെ ഭാരതപ്പുഴയ്ക്കപ്പുറം എത്തിച്ചത്. പുന്നപ്രയും, വയലാറും, കരിവെള്ളൂരും, കാവുമ്പായിയും മലയാളിയുടെ വിപ്ലവചേതനകളിൽ പൂത്ത ഗുൽമോഹറുകളായിരുന്നുവെങ്കിൽ ഒഞ്ചിയം, കമ്യൂണിസവും സോഷ്യലിസവും നെഞ്ചോട് ചേർത്ത മനുഷ്യരുടെ സ്വപ്ന ഭൂമിയായിരുന്നു.
ജന്മി-നാടുവാഴി ഭരണത്തിന്റെ കൊടിയ പ്രതാപത്തിനെതിരെ പൊരുതി മരിച്ച അജയ്യരായ ഒരുപറ്റം വിപ്ലവകാരികളുടെ നാടാണ് ഒഞ്ചിയം. 1948 ഏപ്രിൽ 30 ന് ജന്മി-മാടമ്പി നയത്തിനെതിരെ സമരം ചെയ്ത പത്തുപേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. മണ്ടോടി കണ്ണനായിരുന്നു അവരുടെ നേതാവ്. പിന്നാലെ ഒഞ്ചിയം ചുവന്നു. അതിനു ശേഷം സോഷ്യലിസ്റ്റ് – ജനതാദൾ കക്ഷികളുടെ ശക്തി കേന്ദ്രമായി ഒഞ്ചിയം പ്രദേശം മാറി. 1980 കൾക്ക് ശേഷമാണ് ഒഞ്ചിയം കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് ശക്തീ കേന്ദ്രമായത്.
ടി.പി. ചന്ദ്രശേഖരൻ അടിമുടി കമ്യൂണിസ്റ്റ് നേതാവായിരുന്നു. SFI ലൂടെ രാഷട്രീയ പ്രവേശം നടത്തി DYFI യുടെ ജില്ലാ പ്രസിഡന്റ്, CPI(M) ഏരിയ കമ്മിറ്റി അംഗം എന്നിങ്ങനെ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തി വന്ന സമയത്താണ് 2005-2010 കാലയളവിൽ ഏറാമല പഞ്ചയത്തിൽ 2008 – ൽ പ്രസിഡന്റ്ഷിപ്പ് സ്ഥാനം ജനതാദൾന് നൽകണം എന്ന CPI(M) അഭിപ്രായത്തോട് പൂർണമായും വിയോജിച്ചു കൊണ്ടാണ് ടി.പി.യിലെ വിമത സ്വരം ആദ്യമായി ഉയർന്നു കേട്ടത്. പിന്നീട് നടന്നത് അക്ഷരാർത്ഥത്തിൽ ഇടതുപക്ഷത്തെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളായിരുന്നു. ഒരു മാസത്തിനകം റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (RMP) ഉദയം ചെയ്തു.
ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായിരുന്ന ഒഞ്ചിയത്തിന്റെ മണ്ണിൽ വിഘടനവാദികളുടെ ശക്തി കൃത്യമായി വിളിച്ചറിയിച്ചു കൊണ്ടു നടന്ന കൺവെൻഷകളുo തുടർ പ്രവർത്തനങ്ങളും ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചത് .
ഒഞ്ചിയം എന്ന പ്രദേശത്ത് ഒരു സംഘത്തെ സംഘടിപ്പിച്ച ടി.പി മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിന് എങ്ങിനെയാണ് ഗൗരിയമ്മയും രാഘവനും ഒന്നും ഉണ്ടാക്കാത്ത തരത്തില്‍ അസഹിഷ്ണുത ഉണ്ടാക്കിയത്.?
ഒഞ്ചിയം എന്ന സ്ഥലനാമം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ രക്താക്ഷരങ്ങളാല്‍ എഴുതപ്പെട്ടതാണ്. കാറല്‍ മാര്‍ക്‌സും ലെനിനും എംഗല്‍സും ഒക്കെ ജീവശ്വാസമായി കരുതിയ ഒരു ജനത അധിവസിക്കുന്ന സ്ഥലം. സമസ്തമേഖലകളിലും പാര്‍ട്ടിയുടെ സര്‍വ ആധിപത്യം. സി.പി.എം അല്ലാതെ മറ്റുള്ള പ്രസ്ഥാനങ്ങള്‍ തുലോം കുറവ്. എല്ലാത്തിനുമുപരി പരസഹസ്രം പേരുടെ ആരാധനാപാത്രമായ രക്തസാക്ഷി മണ്ടോടി കണ്ണന്റെ ദേശം. അങ്ങിനെ ഉള്ള ഒരു സ്ഥലത്ത് ഏകശിലാരൂപത്തില്‍ പണിയപ്പെട്ട പാര്‍ട്ടിയില്‍ വിമത സ്വരം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ടി നേതൃത്വത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. വർഗസിദ്ധാന്തം ആഴത്തില്‍ വേരോടിയ മണ്ണില്‍, ടിപി ജനങ്ങളെ വര്‍ഗപരമായി തന്നെ സംഘടിപ്പിച്ചു. ആദ്യമൊക്കെ ഒരു തകര പോലെ കൊഴിഞ്ഞുപോകും എന്ന് കരുതിയ പ്രസ്ഥാനം, പിന്നീട് RDYFI യും RSFI യും ഒക്കെ രൂപീകരിച്ചു ടി.പി മുന്നോട്ടു പോയി. ആര്‍.എം.പി തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തേക്ക് ചേക്കേറും എന്നാണ് രാഷ്ട്രതന്ത്രന്ജര്‍ വിചാരിച്ചത്. അങ്ങിനെയെങ്കില്‍ ടിപിയെയും ആര്‍ എം പി യെയും ഒതുക്കുക വളരെ എളുപ്പമായിരുന്നു, മറ്റൊരു രാഘവന്‍ അല്ലെങ്കില്‍ ഗൗരിയമ്മ. ഒടുവില്‍ സ്വയം ഏറ്റുവാങ്ങുന്ന രാഷ്ട്രീയ മരണം. അതാകുമായിരുന്നു ടിപിയുടെയും വിധി. ആര്‍ എം പി യില്‍ വലതുപക്ഷ വ്യതിയാനം ആരോപിക്കാനും അങ്ങിനെ ഒഞ്ചിയത്തിന്റെ ചുവന്ന്! മണ്ണില്‍ അവരെ കുഴിച്ചുമൂടി ഒതുക്കുവാനും സാധിക്കുമായിരുന്നു.എന്നാല്‍ രാഷ്ട്രീയത്തിന്റെ എല്ലാ ലഘു ഗണിതങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് അവര്‍ സ്വന്തമായി നില്‍ക്കുവാനാണ് തീരുമാനിച്ചത്. അവര്‍ സിപി എമില്‍ വലതുപക്ഷ വ്യതിയാനം ആരോപിച്ചു. അതിനു ചരിത്രത്തില്‍ നിന്ന് ഉദാഹരണങ്ങള്‍ നിരത്തി. വിധേയത്വം പാര്‍ടിയോടോ അതോ പ്രത്യയശാസ്ത്രത്തോടോ എന്ന കാതലായ ചോദ്യം ഉയര്‍ത്തി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കൊണ്‌ഗ്രെസ്സ് മുന്നണിയില്‍ മത്സരിക്കുവാന്‍ സാധിക്കുമായിരുന്നു എങ്കിലും ഒറ്റയ്ക്ക് മത്സരിച്ചു. മുഴുവന്‍ സീറ്റുകളിലും സിപിഎം ജയിച്ചാല്‍ പോലും ആര്‍ എം പി യുഡിഎഫില്‍ പോകില്ല എന്ന ആശയബദ്ധമായ നിലാപാട് എടുത്തു. അവര്‍ പറയുന്നതിൽ ചിലതൊക്കെ രാഷ്ട്രീയ കേരളം ശ്രദ്ധിക്കാന്‍ തുടങ്ങി.
ടി.പി. വധത്തിൽ ആദ്യഘട്ടം മുതൽ പ്രതിരോധത്തിലായ സി. പി. എം കൂടുതൽ പ്രതിസന്ധിയിലായത് CPI(M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനൻ കേസിൽ പ്രതിചേർക്കപ്പെട്ടതാണ്. 76 പേർ പ്രതികളായ കേസിൽ 13 പേരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെസി രാമചന്ദ്രന്‍, പികെ കുഞ്ഞനന്ദന്‍, മനോജന്‍ എന്നിവരും ക്വട്ടേഷന്‍ സംഘത്തിലെ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സജിത്ത്, കെ ഷിനോജ് എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പി.മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടതാണ് ആരോപണ ശരങ്ങളുടെ മുൻ പ്രഹരവും ഏറ്റുവാങ്ങേണ്ടി വന്ന CPl(M) ന് ഒടുവിൽ ആശ്വാസത്തിന്റെ മഴപ്പെയ്ത്ത് ആയത്.
ടി.പി. യെ ‘ധീരനായ കമ്യൂണിസ്റ്റ് ” എന്ന് വി.എസ് അഭിസംബോധന ചെയ്തതും, കോഴിക്കോട് ടി.പിയുടെ ഭൗതിക ശരീരം കാണാൻ എത്തിയതും നെയ്യാറ്റിൻകര ഉപതെരഞ്ഞടുപ്പ് ദിവസം ടി.പി.യുടെ വീട് സന്ദർശിച്ചതും ഇടതുമുന്നണിക്കകത്ത് വലിയ രാഷട്രീയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ടി.പി. വധത്തിൽ ഉണ്ടായ ഏറ്റവും പ്രത്യേകത CPI(M) വിരോധമുള്ള മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത വിധം ഐക്യതയിൽ അഭിപ്രായങ്ങൾ ഉന്നയിച്ചു എന്നതാണ്. മൂന്ന് മാസത്തോളം നീണ്ടു നിന്ന മാധ്യമ വിചാരണ ഒരു പരിധിയ്ക്കപ്പുറം മാധ്യമങ്ങളുടെ വലതുപക്ഷ വ്യതിയാനങ്ങളിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചു.
CPI(M) അതിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയതും ഈ കാലത്താണ്. ഇന്നും തരം താഴ്ന്ന രാഷട്രീയ ചർച്ചകളിലേക്ക് വ്യക്തതയില്ലാത്ത അഭിപ്രായങ്ങൾ കൊണ്ട് ടി. പി. വധത്തെയും, ഇരു പ്രസ്ഥാനങ്ങളെയും വലിച്ചിഴക്കുന്നുണ്ട്. ടി.പി. വധത്തിന്റെ പേരിൽ ഇടതുപക്ഷത്തിനുള്ളിൽ ആഭ്യന്തര പ്രശ്നങ്ങൾ സൃഷ്ടിച്ച് പല പൊട്ടിത്തെറികളുണ്ടായതും, പല കാലങ്ങളിൽ പല കാരണങ്ങളാൽ പാർട്ടിയോട് വിഘടിച്ചു നിന്നവർ പാർട്ടിക്കൊപ്പം നിന്നതും ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്ചികതയാണ്.
കേരളത്തിലെ രാഷട്രീയ കൊലപാതകങ്ങളെ രണ്ടായി തിരിക്കാം. ടി.പി. വധത്തിന് മുൻപും ശേഷവും. കാരണം, പൊതു സമൂഹവും, മാധ്യമങ്ങളും, ഇടതുപക്ഷ വൈരികളും ഇത്രമേൽ “ഇടപെടലുകൾ” നടത്തിയ ഒരു രാഷ്ട്രീയ കൊലപാതകം ഇതിനു മുൻപോ ശേഷമോ ഉണ്ടായിട്ടില്ല. ടി.പി. വധത്തിന് ശേഷം RM P പ്രവർത്തകർ നടത്തിയ ആത്മവിശ്വാസ പ്രകടനങ്ങളൊന്നും തന്നെ ഒഞ്ചിയത്തിന്റെ നാല് ചുവരുകൾക്കിപ്പുറം പ്രതിഫലിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം ….
നിർമ്മൽ സൗപർണ്ണിക
പൊളിറ്റിക്കൽ ഡെസ്ക്ക്
വാർത്താ ട്രിവാൻഡ്രം