കോഴിക്കോട് : വന്ദേഭാരത് ദൗത്യത്തിനിടെ സ്വർണ്ണക്കടത്ത് നടത്തിയ മലപ്പുറം സ്വദേശിനിയെ കസ്റ്റംസ് ഇന്റെലിജൻസ് അറസ്റ്റ് ചെയ്തു.വിദേശത്തു കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി ജിദ്ദയിലേക്ക് വിമാനമയച്ചിരുന്നു. ഈ പ്രത്യേക വിമാനത്തിലാണ് 7.65 ലക്ഷം രൂപ വിലവരുന്ന 22.5 പവൻ സ്വർണ്ണം മലപ്പുറം സ്വദേശിനി കടത്തിയത്.
ജീവനക്കാരടക്കം 149 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും പുറപ്പെട്ട വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യുവതിയിൽ നിന്നും സ്വർണം പിടികൂടിയത്. കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ഇവരെ വീട്ടിലേക്ക് പോകാൻ അനുവദിച്ചു. ഹോം കോറന്റീനിനു ശേഷം ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് അധികൃതർ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ എൻ.എസ്. രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.